ad
Deshabhimani

നഷ്ടമായത് മനുഷ്യസ്നേഹം പ്രസരിപ്പിച്ച പൊതുപ്രവർത്തകനെയും നേതാവിനെയും; ഇ എൻ മോഹൻദാസിന്റെ വിയോ​ഗത്തിൽ എം വി ഗോവിന്ദൻ

mohandas
വെബ് ഡെസ്ക്

Published on Mar 11, 2026, 11:35 AM | 1 min read

തിരുവനന്തപുരം : സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന സ. ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു. അതിന് തൊട്ടുത്തദിവസമാണ് അദ്ദേഹം അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അപ്രതീക്ഷിതമായെത്തിയ വാർത്ത വലിയ ഞെട്ടലാണുണ്ടാക്കിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.


മനുഷ്യസ്നേഹം പ്രസരിപ്പിച്ച പൊതുപ്രവർത്തകനെയും നേതാവിനെയുമാണ്‌ ഇഎന്നിന്റെ വിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌. വലുപ്പ ചെറുപ്പങ്ങളില്ലാതെ ഏവരോടും സ‍ൗമ്യമായും സ്നേഹോഷ്മളമായും പെരുമാറുന്ന സഖാവിന്റെ മുഖമാണ്‌ ഇ‍ൗ നിമിഷം മനസിൽ നിറയുന്നത്‌. രാഷ്ട്രീയ എതിരാളികൾക്ക്‌ പോലും അഭിപ്രായ വ്യത്യാസമില്ലാത്ത നേതാവായിരുന്നു ഇഎൻ.


മികച്ച അധ്യാപകനും സഹകാരിയും പൊതുപ്രവർത്തകനും തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹം തന്റെ മികവ്‌ പ്രകടിപ്പിച്ചു. മലപ്പുറത്ത്‌ ദേശാഭിമാനി എഡിഷന്‌ തുടക്കമിടാൻ പ്രയത്നിച്ചവർക്ക്‌ മുന്നിൽ ഇഎൻ ഉണ്ടായിരുന്നു. ദേശാഭിമാനിയുടെ യൂണിറ്റ്‌ മാനേജരായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം മലപ്പുറത്ത്‌ ദേശാഭിമാനിയുടെയും മുഖമായിരുന്നു.


സിപിഐ എം ഏരിയാ സെക്രട്ടറി, ദീർഘകാലം ജില്ലാ സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, മികച്ച സഹകാരി തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ച്‌ മലപ്പുറത്ത്‌ സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും വളർച്ചയ്ക്ക്‌ നിസ്തുലമായ സംഭാവനയാണ്‌ ഇഎൻ നൽകിയത്‌. അദ്ദേഹത്തിന്റെ വേർപാട്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും മതേതരചേരിക്കും കനത്ത നഷ്ടമാണ്‌.


സ. ഇഎന്നിന്റെ കുടുംബാംഗങ്ങളുടെയും പാർട്ടി സഖാക്കളുടെയും വേദനയിൽ ഒന്നുചേരുന്നു. പ്രിയസഖാവിന്റെ ഓർമകൾക്ക്‌ മുന്നിൽ ശിരസ്‌ നമിക്കുന്നു. ലാൽസലാം സഖാവേ... ​ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home