print edition പിഎസ്‌സിയെ തകർക്കാനുള്ള നീക്കം ചെറുക്കണം: എം വി ഗോവിന്ദൻ

തിരുവനന്തപുരം : ഭരണഘടനാസ്ഥാപനമായ പിഎസ്‍സിയെ തകർക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമങ്ങൾക്ക് സർക്കാർ പിന്തുണ നൽകുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്ത് ഏറ്റവും ഫലപ്രദമായി പരീക്ഷ നടത്തി ഏറ്റവും കൂടുതൽപേർക്ക് നിയമനം നൽകിയ പിഎസ്‌സിയാണ് കേരളത്തിലേത്.
മൂന്നു ലക്ഷത്തിലേറെപേരാണ് കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നിയമിക്കപ്പെട്ടത്. ഇത് രാജ്യത്തെ നിയമനങ്ങളിൽ ഏറ്റവും കൂടുതലാണ്. ഏതെങ്കിലും ഒരാൾ അഴിമതിയിലൂടെയാണ് ജോലി നേടിയതെന്ന് ആരും പറഞ്ഞിട്ടില്ല. സുതാര്യമായ നിയമനരീതിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. വിശ്വാസ്യത തകർത്ത് ഉദ്യോഗാർഥികളിൽ ആശങ്ക പടർത്തുന്നത് പിൻവാതിൽ നിയമനം ലക്ഷ്യമിട്ടാണ്.
നിയമന അഭിമുഖങ്ങളിലേക്കുള്ള അംഗങ്ങളെ നിശ്‌ചയിക്കുന്നതുപോലും മുൻകൂട്ടിയല്ല. പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഏറെയും കോൺഗ്രസ് അനുകൂല സംഘടനാനേതാക്കളാണ്. പിഎസ്‌സി ചെയർമാനെ കേസിൽ പ്രതിയാക്കുമെന്നാണ് ഭീഷണി. കേസിൽപ്പെടുത്തി, ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് നീക്കം. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനത്തെ തകർക്കാനുള്ള നീക്കത്തെ തുറന്നുകാണിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments