'വർഗീയ ശക്തികൾക്ക് കോൺഗ്രസ് കേരളത്തിൽ സ്വീകാര്യതയുണ്ടാക്കുന്നു': എം വി ഗോവിന്ദൻ

തിരുവനന്തപുരം: മത ജാതി വർഗീയ ശക്തികൾക്ക് കേരളത്തിൽ സ്വീകാര്യതയുണ്ടാക്കാനുള്ള പ്രവർത്തനമാണ് കോൺഗ്രസ് നടത്തുന്നതെന്നും ഇത് കേരളത്തെ ഇല്ലാതാക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും നടത്തിയ പ്രചാരണം അത്തരത്തിലുള്ളതായിരുന്നു. ഏത് സമയത്തും ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാനും അതിലേക്ക് ചേക്കാറാനും വാർഡ് മുതൽ കേന്ദ്രതലം വരെയുള്ള കോൺഗ്രസുകാർ കാത്തുനിലനിൽക്കുകയാണ്.
ഇത്തരം ശക്തികൾക്കെതിരെ അതി ശക്തമായ പ്രചാരണം കേരളത്തിൽ നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളത്തിൽ പറഞ്ഞു. മത ജാതി വർഗീയ ശക്തികൾ മുൻപേ കേരളത്തിലുണ്ട്. എന്നാൽ അവർക്ക് ഇവിടെ സ്വീകാര്യത നൽകിയിരുന്നില്ല. അത്തരം ശക്തികൾക്ക് സ്വീകാര്യതയുണ്ടാക്കുന്നത് അപകടകരമാണ്.
മതനിരപേക്ഷ കേരളത്തിന്റെ അടിത്തറയാണ് തകർക്കുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും വീട് കയറിയും സോഷ്യൽ മീഡിയ വഴിയും നടത്തിയ പ്രചാരണങ്ങൾ അത്തരത്തിലുള്ളതാണ്. വിശ്വാസത്തെ രാഷ്‌ട്രീയത്തിന് ഉപയോഗിച്ചു.
ബിജെപിയുടെ രാഷ്ട്രീയം കോൺഗ്രസ് ഉപയോഗിക്കുകയായിരുന്നു. ഇതുവഴി ബിജെപിയുടെ ബി ടീം ആകുകയാണ് കോൺഗ്രസ്. കോൺഗ്രസ് അണികളിൽതന്നെ ഇത് വലിയ പ്രശ്‌നത്തിനിടയാക്കിയിട്ടുണ്ട്.
ഹിന്ദുത്വ രാഷ്‌ട്രീയത്തെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിൽ കോൺഗ്രസ് നടപ്പാക്കുന്ന അതേ രീതി ഇവിടെയും പ്രയോഗിക്കുന്നു. ഇതുവഴി കേരളത്തിന്റെ മത നിരപേക്ഷ ഉള്ളടക്കമാണ് കോൺഗ്രസ് തകർക്കുന്നത്.
വാളയാറിൽ ചത്തീസ്‌ഗഡ് സ്വദേശിയെ ആർഎസ്‌എസുകാർ തല്ലിക്കൊന്നപ്പോൾ പ്രതികൾ ആർഎസ്‌എസുകാരാണെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറായില്ല.
വട്ടിയൂർക്കാവ് എംഎൽഎ ഓഫീസ് ഒഴിയണമെന്ന ബിജെപി കൗൺസിലറുടെ ആവശ്യത്തിന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ അടക്കമുള്ളവർ പിന്തുണയ്‌ക്കുന്നു. ഇതെല്ലാം ബിജെപിയുമായി കോൺഗ്രസിനുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്. കേരള സമൂഹം ഇത് തിരിച്ചറിയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments