ഗാസയിലെ വംശഹത്യ; ഇന്ത്യ മൗനാനുവാദ നിലപാട് തിരുത്തണം: എം വി ഗോവിന്ദൻ

എൽഡിഎഫ് കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് മൗനാനുവാദം നൽകുന്ന നിലപാടിൽനിന്ന് ഇന്ത്യ പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സ്ത്രീകളും കുട്ടികളുമടക്കം എഴുപതിനായിരത്തോളം പലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രയേലിനെതിരെ ലോകജനതയാകെ പ്രതിഷേധിക്കുകയാണ്. ഗാസയെ ഇല്ലാതാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് അമേരിക്കയും ആ പ്രദേശം വിൽപ്പന നടത്തുമെന്ന് ഇസ്രയേലും പറയുന്നു. ആ നിലപാടുകൾക്കെതിരെ ഇന്ത്യ പ്രതികരിക്കുന്നില്ല – എൽഡിഎഫ് ജില്ലാ കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്‌ഘാടനം ചെയ്ത് എം വി ഗോവിന്ദൻ പറഞ്ഞു.
പലസ്തീന് പരമാധികാരം വേണമെന്ന് വാദിച്ചവരാണ് മഹാത്മാഗാന്ധിയടക്കമുള്ള രാഷ്ട്രനേതാക്കൾ. യാസർ അറാഫത്തിനെ രാഷ്ട്രത്തലവനായി ഇന്ത്യ അംഗീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പലസ്തീൻ ജനതയ്ക്ക് ഒപ്പമെന്ന നിലപാടിൽനിന്ന് ഇന്ത്യ പൂർണമായി മാറിയിരിക്കുകയാണ്. സാമ്രാജ്യത്വ ശക്തികൾക്ക് കീഴടങ്ങിയ നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇത് നമുക്ക് അപമാനമാണ്. സമാധാനത്തിനായുള്ള പോരാട്ടമാണ് ലോകമാകെ ഉയരുന്നത്. ജനകീയ പ്രസ്ഥാനങ്ങളാകെ ശക്തമായ പ്രതിരോധമാണ് ഉയർത്തുന്നത്. ഇന്ത്യയുടെ തെറ്റായ നിലപാടും ശക്തമായ പ്രതിഷേധത്തിലൂടെ തിരുത്തിക്കാനാകണം. മനുഷ്യത്വമുള്ളവർ ഇന്ത്യയുടെ ഇൗ നിലപാടിനെതിരാണ്. പലസ്തീൻ ജനതയുടെമേൽ പതിക്കുന്ന ഓരോ ബോംബും ചില്ലും നമ്മുടെ ശരീരത്തിലാണ് പതിക്കുന്നതെന്ന ബോധ്യത്തോടെ അവരോട് ഐക്യപ്പെടാൻ നമുക്കാകണം. ആ ആത്മവികാരത്തോടെ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം പി സന്തോഷ് കുമാർ എംപി, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് എന്നിവർ സംസാരിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, പി ടി എ റഹീം, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി മോഹനൻ, കെ കെ ലതിക, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾ വഹാബ്, സാലി കൂടത്തായി, എം അബ്ദുള്ള, ടി എം ജോസഫ് എന്നിവരും പങ്കെടുത്തു.








0 comments