ആഗോള അയ്യപ്പ സംഗമം: സിപിഐ എം വിശ്വാസികൾക്കൊപ്പം- എം വി ഗോവിന്ദൻ

M V Govindan
വെബ് ഡെസ്ക്

Published on Sep 02, 2025, 10:53 AM | 1 min read

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്‌ എല്ലാ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ്‌ ലഭിക്കുന്നതെന്നും സിപിഐ എം വിശ്വാസികൾക്ക് ഒപ്പമാണെന്നും സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിശ്വാസത്തിനെതിരായ ഒരു നിലപാടും ഇന്നലെകളിൽ എടുത്തിട്ടില്ല. ഇന്നും നാളെയും എടുക്കുകയുമില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവരെ ഉപയോഗിക്കാനാണ് വർഗീയ വാദികൾ ശ്രമിക്കുന്നത്. വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.


അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച്‌ സംഗമത്തിന്റെ ശോഭ കെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌ പറഞ്ഞു. നിയമവിദഗ്‌ധരുമായി ആലോചിച്ച ശേഷം ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങൾ സംബന്ധിച്ച്‌ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന്‌ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തങ്ങൾ അധികാരത്തിലെത്തിയാൽ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ പാർലമെന്റിൽ നിയമം പാസാക്കുമെന്നാണ്‌ ബിജെപി പറഞ്ഞത്‌. ഇതുവരെ അതുണ്ടായിട്ടില്ല. ദേവസ്വം ബോർഡിന്‌ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കാണിയ്‌ക്ക പൊട്ടിക്കാൻ നിർദേശം നൽകി എന്നുമുള്ള വാർത്ത വ്യാജമാണ്‌. കാണിക്ക പൊട്ടിക്കാനുള്ള നിർദേശം സാധാരണ നടപടിക്രമം മാത്രമാണ്‌. നിലവിൽ ഒരു സാമ്പത്തിക പ്രതിസന്ധിയും ബോർഡിനില്ല. ജീവനക്കാർക്കും കരാർതൊഴിലാളികൾക്കും അടക്കം ശമ്പളവും ബോണസും എല്ലാ ആനുകൂല്യങ്ങളും ഇതിനകം നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home