ad
Deshabhimani

മുട്ടത്തറ വിജിലൻസ് ഓഫീസ് കോംപ്ലക്സും വയനാട് ജില്ലാ യൂണിറ്റ് മന്ദിരവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

vigilance muttathara
വെബ് ഡെസ്ക്

Published on Mar 04, 2026, 06:20 PM | 2 min read

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മുട്ടത്തറയിലെ അത്യാധുനിക ഓഫീസ് കോംപ്ലക്സും വയനാട് സുൽത്താൻ ബത്തേരി കുപ്പാടിയിലെ ജില്ലാ വിജിലൻസ് യൂണിറ്റ് മന്ദിരവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മുട്ടത്തറയിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. അഴിമതി രഹിത കേരളം എന്ന ലക്ഷ്യത്തോടെ വിജിലൻസ് വകുപ്പിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന വിജിലൻസ് ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഭരണപരമായ ഏകോപനവും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയാണ് മുട്ടത്തറയിലെ വിജിലൻസ് കോംപ്ലക്സ് കൊണ്ട് ലക്ഷ്യമിടുന്നത്. ഇതോടെ പൂജപ്പുരയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-I, കുഞ്ചാലുംമൂട്ടിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-II, മുറിഞ്ഞപാലത്തെ ദക്ഷിണ മേഖല പൊലീസ് സൂപ്പർവൈസറുടെ ഓഫീസ്, ആദർശ് നഗറിലെ സ്പെഷ്യൽ സെൽ, മരുതൻകുഴിയിലെ ജില്ലാ വിജിലൻസ് യൂണിറ്റ്, വഞ്ചിയൂരിലെ ലീഗൽ അഡ്വൈസർമാരുടെ രണ്ട് ഓഫീസുകൾ എന്നിവ ഇനി മുതൽ ഈ കെട്ടിടത്തിൽ പ്രവർത്തിക്കും. വിജിലൻസിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ഇതിലൂടെ സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


തിരുവനന്തപുരം മുട്ടത്തറയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖർ ഐപിഎസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ ഐപിഎസ്, ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് ഐപിഎസ്, കൗൺസിലർ സജീന ടീച്ചർ, പിഡബ്ല്യുഡി ബിൽഡിംഗ്‌സ് ചീഫ് എൻജിനീയർ എസ് ദീപു, ചീഫ് ആർക്കിടെക്റ്റ് വി എസ് ഗിരീഷ്, ഹാബിറ്റാറ്റ് ചെയർമാൻ ഡോക്ടർ ജി ശങ്കർ എന്നിവർ മുഖ്യാതിഥികളായിരുന്നു. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് ഐപിഎസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.


വയനാട് ജില്ലാ യൂണിറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങിൽ സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. വിജിലൻസ് നോർത്തേൺ റേഞ്ച് എസ്പി പിഎം പ്രദീപ് സ്വാഗതം ആശംസിച്ചു. സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം ജി ഇന്ദ്രജിത്ത്, വാർഡ് കൗൺസിലർ സി എം അനിൽ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ എൻ ശ്രീജിത്ത് എന്നിവർ മുഖ്യാതിഥികളായി. വയനാട് യൂണിറ്റ് ഡിവൈഎസ്പി ഷാജി വർ​ഗീസ് നന്ദി പറഞ്ഞു.


അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064-ലോ, 8592900900 എന്ന നമ്പരിലോ, 9447789100 എന്ന വാട്സ്ആപ്പ് നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home