പൊലീസ് റിപ്പോർട്ട് കോടതിക്ക് കൈമാറി
മുത്തൂറ്റ് ഇൻഷുറൻസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല

കൊച്ചി : ജീവനക്കാരുടെ ഇൻസെന്റീവ് ഉൾപ്പെടെ തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ മുത്തൂറ്റ് ഫിനാൻസ്, ഇൻഷുറൻസ് കമ്പനികളിലെ ഉദ്യോഗസ്ഥരായ പ്രതികളെ എറണാകുളം സൗത്ത് പൊലീസ് ചോദ്യം ചെയ്‌തതിന്റെ റിപ്പോർട്ട് കോടതിക്ക് കൈമാറി.
എറണാകുളം എസിജെഎം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മുൻ ചീഫ് ജനറൽ മാനേജർ രഞ്ജിത് രാമചന്ദ്രൻ, മുത്തൂറ്റ് ഇൻഷുറൻസ് ആൻഡ് ബ്രോക്കേഴ്‌സ് ലിമിറ്റഡ് സിഇഒ തോമസ് പി രാജൻ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ പി ആർ സന്തോഷ് ചോദ്യംചെയ്‌തത്.
പ്രതികൾ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും കൂടുതൽ അന്വേഷണത്തിനായി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, അവധിക്കാല കോടതി കേസ് കേട്ടതിനാൽ, കേസ് അവധി കഴിഞ്ഞ് മറ്റൊരു ദിവസം പരിഗണിക്കാൻ മാറ്റിവച്ചു. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചില്ല.
അതേസമയം, തൊഴിലാളികളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നോൺ ബാങ്കിൽ ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ എറണാകളും എസിപി പി രാജ് കുമാറിന് പരാതി നൽകി. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും ഉടമകൾക്കും പങ്കുണ്ടെന്ന് കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത്.
ഈ വിവരവും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് പ്രതികൾക്ക് ജാമ്യം നൽകാതെ അപേക്ഷ ഏഴാമതും മാറ്റിവച്ചത്.
2023–-24ൽ പ്രതികൾ ചേർന്ന് 11.92 കോടി രൂപ തട്ടിയെടുത്തെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നത്. ഇത് കൂടാതെ, കോടികളുടെ തിരിമറി സംബന്ധിച്ച വിവരങ്ങളും പുറത്തു വരുന്നുണ്ട്.











0 comments