വെടിവെപ്പിന് ഉത്തരവിട്ടവർ ആരെന്നില്ല; മുത്തങ്ങ നരവേട്ടയിൽ യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ കരുതൽ

വെൽഫെയർ പാർടിയുടെ പോസ്റ്റർ (ഇടത്), എ കെ ആന്റണി (വലത്)
തിരുവനന്തപുരം: മുത്തങ്ങയിൽ ആദിവാസികൾക്കുനേരെയുള്ള നടത്തിയ നരനായാട്ടിൽ അന്നത്തെ യുഡിഎഫ് സർക്കാരിനെ സംരക്ഷിച്ച് മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമി. മുത്തങ്ങ വെടിവെപ്പിന്റെ ഓർമദിനത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെൽഫെയർ പാർടി സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്ററിൽ യുഡിഎഫ് സർക്കാരിനെയോ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ പോരോ പരാമർശിക്കുന്നേയില്ല. തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെൽഫെയർ പാർടിയുടെ ഈ 'കരുതൽ'.
'ഭൂമി ചോദിച്ച ആദിവാസികൾക്ക് വെടിയുണ്ട സമ്മാനിച്ച ഭരണകൂട ഭീകരതയ്ക്ക് മാപ്പില്ല' എന്നാണ് വെൽഫെയർ പാർടി പോസ്റ്ററിൽ നൽകിയിരിക്കുന്നത്. എന്നാൽ, ഏത് ഭരണകൂടം എന്നോ ഏത് സർക്കാരെന്നോ ഒരു പരാമർശം പോലുമില്ല. കേരളം മറക്കാത്ത മുത്തങ്ങയിലെ നരനായാട്ടിലെ കുറ്റവാളികളെ ഒളിപ്പിച്ചുനിർത്താനുള്ള മതരാഷ്ട്രവാദികളുടെ ശ്രമത്തിനെതിരെ രൂക്ഷവിമർശനമാണ് കമന്റുകളിൽ നിറയുന്നത്.
ഭൂമിക്കായി സമരംചെയ്‌ത ആദിവാസികൾക്കുനേരെ 2003 ഫെബ്രുവരി 19നാണ് എ കെ ആന്റണിയുടെ പൊലീസ് വെടിയുതിർത്തത്. ജോഗി എന്ന ആദിവാസിയും പൊലീസുകാരൻ കെ വി വിനോദും കൊല്ലപ്പെട്ടു.
മുത്തങ്ങ വെടിവയ്‌പിനുശേഷവും യുഡിഎഫ് സർക്കാർ ആദിവാസിവേട്ട അവസാനിപ്പിച്ചില്ല. ആദിവാസി ക്ഷേമ സമിതി നേതൃത്വത്തിൽ കുടിൽകെട്ടി സമരംചെയ്‌തവരെ കൂട്ടത്തോടെ ജയിലിലടച്ചു. ആദിവാസികളെ ക്രൂരമായി മർദിച്ചു. കള്ളക്കേസുകളിൽ കുടുക്കി. സ്ത്രീകളും കുട്ടികളുമടക്കം 1476 പേരെ അറസ്റ്റ് ചെയ്ത് വിവിധ ജയിലുകളിൽ അടച്ചു. ഗർഭിണിയായ ശാന്തയെന്ന ആദിവാസി യുവതി മാസംതികയാതെ കണ്ണൂർ സെൻട്രൽ ജയിലിൽ പ്രസവിച്ചു. ആദ്യം കുഞ്ഞും പിന്നീട് ശാന്തയും മരിച്ചു.
2006ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരാണ് മരിച്ച ജോഗിയുടെ മകൾ സീതക്ക് റവന്യൂ വകുപ്പിൽ എൽഡി ക്ലർക്കായി നിയമനം നൽകിയത്. കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകി. വനാവകാശ നിയമപ്രകാരം 5000ത്തോളം ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയും നൽകി. സമരനേതാവായിരുന്ന സി കെ ജാനുവിന്റെ അമ്മ വെളിച്ചിക്ക് ഭൂമി നൽകിയതും വി എസ് സർക്കാരാണ്. തുടർന്ന് അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സര്‍ക്കാര്‍ മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്ക് ഒരു കടലാസ് മാത്രം നൽകി ഭൂ വിതരണം പ്രഹസനമാക്കി. ‘ആശിക്കും ഭൂമി’ ആദിവാസി പദ്ധതി അഴിമതിയിൽ മുക്കി.
മുത്തങ്ങ സമരത്തിൽ പങ്കെടുത്ത മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകിയത് എൽഡിഎഫ് സർക്കാരാണ്. 283 പേർക്കാണ് ഭൂമി ലഭിച്ചത്. ഇതിൽ 23 കുടുംബങ്ങൾ ഒഴികെയുള്ളവർക്ക് ഭൂമി നൽകിയത് ഒന്നും രണ്ടും പിണറായി സർക്കാരാണ്. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായാണ് ഭൂമിവിതരണം പൂർത്തിയാക്കിയത്. 37 പേർക്ക് ഒരേക്കർവീതം മൂന്നാം നൂറുദിനത്തിൽ നൽകി. പുൽപ്പള്ളി ഇരുളത്തെ മരിയനാട് കാപ്പിത്തോട്ടമാണ് സർക്കാർ പതിച്ചുനൽകിയത്.










0 comments