ഷിജിനെ കണ്ടെത്തിയില്ല; പ്രതീക്ഷയറ്റ് തീരം

പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കുന്ന ഷിജിന്റെ കുടുംബം
ചിറയിൻകീഴ് : മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനുവേണ്ടി 13 ദിവസമായി നടന്ന തിരച്ചിൽ ഫലം കണ്ടില്ല. ഷിജിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും. കോസ്റ്റൽ പൊലീസ് ബോട്ടും മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടും മാത്രമാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. ശക്തമായും തിരയും അടിയൊഴുക്കും കാരണം മുങ്ങൽ വിദഗ്ധർക്ക് പരിശോധന നടത്താനായില്ല. സമാനമായ സാഹചര്യമാണ് വിഴിഞ്ഞത്തുനിന്ന് കാണാതായ ജോൺ മത്യാസിനായുള്ള തിരച്ചിലിലും സംഭവിച്ചത്.
അപകടം നടന്ന ആദ്യ മണിക്കൂറിൽ തിരച്ചിൽ നടത്തുന്നതിൽ വന്ന വീഴ്ചയാണ് ഇരുവരെയും കണ്ടെത്തുന്നതിൽ തടസ്സമായത്. കുടുംബത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് 15 മണിക്കൂറിന് ശേഷമാണ് ഷിജിനായുള്ള തിരച്ചിൽ ആരംഭിച്ചത്. ദിവസങ്ങൾക്കുശേഷം കുടുംബത്തിന്റെ പ്രതിഷേധം തണുപ്പിക്കാന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും ഇ വി അബ്ദുൾ ഗഫൂറും ഷിജിന്റെ വീട്ടിലെത്തിയിരുന്നു.
മുതലപ്പൊഴിയിൽ ജൂലാ 31 വെള്ളി രാത്രി ഒമ്പതോടെയാണ് കൂറ്റൻ തിരയിലും കാറ്റിലും പെട്ട് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായത്. പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശി ജോസിന്റെ വള്ളത്തിലാണ് ഇവർ പോയിരുന്നത്. ഷിജിനും ഫ്രീമോനും സ്മിത്തും ബോട്ടുടമ ജോസുമാണ് വെള്ളി വൈകിട്ട് മൂന്നരയോടെ മീൻപിടിക്കാൻ പുറംകടലിൽ പോയത്. രക്ഷപ്പെട്ടത് അഞ്ചുതെങ്ങ് സ്വദേശികളായ ജോസും സ്മിത്തുംമാത്രം.
രാത്രി ഒമ്പതോടെ മീനുമായി തിരികെ അഴിമുഖ മുനമ്പ് കടക്കുമ്പോഴാണ് തിരയിൽപ്പെട്ടത്. ഷിജിനും ഫ്രീമോനും കടലിലേക്ക് വീണെങ്കിലും ഒരാൾ അഴിമുഖത്തിനുസമീപത്തെ പാറയിൽ പിടിച്ചു. കടൽ പ്രക്ഷുബ്‌ധമായതിനാൽ വെള്ളത്തിൽച്ചാടി അവരെ രക്ഷപ്പെടുത്താനായില്ല. കരയിൽനിന്ന് മീൻപിടിക്കുകയായിരുന്ന ചിലർ നിലവിളികേട്ട് നീളംകൂടിയ ചൂണ്ടക്കമ്പ് എറിഞ്ഞ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അടിയൊഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങിത്താണു. ജോസും സ്മിത്തും ചരിഞ്ഞ വള്ളത്തിൽപ്പിടിച്ച് കിടന്നു. സമീപത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ വള്ളം ഉയർത്തിയാണ് ഇവരെ രക്ഷിച്ചത്. അവിടെയുണ്ടായിരുന്ന കോസ്റ്റൽ പൊലീസ് രണ്ട് ലൈഫ്ബോയ നൽകി മത്സ്യത്തൊഴിലാളികളോടുതന്നെ രക്ഷാപ്രവർത്തനം നടത്താൻ പറയുകയായിരുന്നു.
തിരച്ചിൽ നടത്താൻ മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽച്ചെന്ന് ആവശ്യപ്പെട്ടപ്പോൾ അവർ "ഞങ്ങൾ എന്ത് ചെയ്യാൻ ' എന്ന് കൈമലർത്തുകയായിരുന്നു. കടലിൽ തിരച്ചിൽ നടത്താനാകുന്ന ലൈഫ് ഗാർഡുകളോ രക്ഷാബോട്ടുകളോ തങ്ങൾക്കില്ലെന്നായിരുന്നു കോസ്റ്റൽ പൊലീസിന്റെ ന്യായീകരണം. വള്ളം മറിഞ്ഞ് 15 മണിക്കൂറിന് ശേഷമാണ് തിരച്ചിൽ തുടങ്ങിയത്. സർക്കാർ അലംഭാവം തുടരുന്നതോടെ ജീവനെയും അവഗണിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന രക്ഷാപ്രവർത്തനം മാത്രമാണ് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നത്.










0 comments