ad
Deshabhimani

അമൃതം സ്വാതന്ത്ര്യം

indian independence day
വെബ് ഡെസ്ക്

Published on Aug 13, 2026, 10:49 AM | 2 min read

വിദേശാധിപത്യത്തില്‍നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് 79വർഷമാകുന്നു. എൺപതാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങുകയാണ് രാജ്യം. വിദേശാധിപത്യത്തിനെതിരെ നൂറ്റാണ്ടുകള്‍ നീണ്ട സമരമാണ് ഇന്ത്യ നടത്തിയത്. അതിനെയാണ് സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്തുന്നതിനുവേണ്ടി നടത്തുന്ന സമരവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്.


അധിനിവേശവും കുടിയേറ്റവും


കുടിയേറ്റക്കാരായും അധിനിവേശക്കാരായും ആക്രമണകാരികളായും നിരവധി രാജ്യക്കാര്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. അതില്‍ അവസാനത്തെ കൂട്ടരാണ് യൂറോപ്യൻമാർ. പ്രധാനമായും പോര്‍ച്ചുഗല്‍, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ നാലു രാജ്യക്കാരാണ്‌ വന്നത്‌. ആദ്യം വന്നതും അവസാനം പോയതും പോര്‍ച്ചുഗീസുകാരാണ്. ഗോവവിമോചന സമരമെന്ന സായുധസമരത്തിലൂടെയാണ്‌ അവരെ പുറത്താക്കിയത്‌. ഇന്ത്യന്‍ പട്ടാളം പോര്‍ച്ചുഗീസുകാരെ തോൽപിച്ച് ഗോവയെ മോചിപ്പിച്ചത് 1961 ഡിസംബര്‍ 19നാണ്‌. ഇന്ത്യന്‍ സൈനികദളത്തെ നയിച്ചത് മലയാളിയായ ബ്രിഗേഡിയര്‍ കെ പി കാണ്ടേത്തായിരുന്നു.


കേരളത്തിനകത്തെ ഫ്രഞ്ച് അധീനമയ്യഴിയിൽ സമരം നയിച്ചത് ഗാന്ധിയനായ കുമാരന്‍ മാസ്റ്ററായിരുന്നു. പുതുച്ചേരിയും മയ്യഴിയും സ്വതന്ത്രമായത് 1954ലാണ്‌. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത് 1947 ആഗസ്ത് 15നാണ്‌. അതാണ് സ്വാതന്ത്ര്യദിനമായി നമ്മള്‍ ആഘോഷിക്കുന്നത്. എന്നാലത് ഇന്ത്യയ്‌ക്ക്‌ ഒന്നാകെ ബാധകമല്ല. ഗോവയ്ക്കും പുതുച്ചേരിക്കും വെവ്വേറെ ദിനങ്ങളാണ്.

ചൂഷണത്തിനെതിരെ


യൂറോപ്യൻമാര്‍ക്കുമുമ്പ് ഇന്ത്യയിലെത്തിയ മുഗളൻമാരുൾപ്പെടെയുള്ള വിദേശീയര്‍ ഇവിടത്തെ വ്യവസ്ഥകളോട് ഇണങ്ങി. ഭൂവുടമസ്ഥതയിലോ ജാതിവ്യവസ്ഥയിലോ ഇടപെട്ടില്ല. ജന്മിത്തത്തെ വിപുലീകരിച്ചു. എന്നാൽ യൂറോപ്യൻമാർ ഇന്ത്യാവല്‍ക്കരിക്കപ്പെട്ടില്ല. അവര്‍ അവരുടെ സ്വത്വം നിലനിര്‍ത്തി. ഇന്ത്യക്കാര്‍ക്ക് അപരിചിതമായിരുന്ന നിരവധി ഉപകരണങ്ങളും യന്ത്രങ്ങളും കൊണ്ടുവന്നു. തീവണ്ടിയും മോട്ടോര്‍കാറും യന്ത്രബോട്ടും മരംമുറിക്കുന്ന യന്ത്രവും യന്ത്രത്തറിയും സൈക്കിളും അച്ചടിയന്ത്രവും മരുന്നുകുത്തിവയ്പും കൊണ്ടുവന്നു.


സ്കൂളും കോളേജും യൂണിവേഴ്സിറ്റിയും വന്നു. അഭ്യസ്തവിദ്യരായ സമൂഹം ജാതിവ്യവസ്ഥ പൊട്ടിച്ച് പുറത്തുവന്നു. അങ്ങനെ പൊതുമണ്ഡലമുണ്ടായി. വിദേശികള്‍ ഇന്ത്യയുടെ സമ്പത്ത് ചൂഷണം ചെയ്യാന്‍ വന്നവരാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു. അക്ഷരാഭ്യാസമില്ലാത്ത പാട്ടക്കുടിയാനും കര്‍ഷകത്തൊഴിലാളിക്കും തൊഴിലാളിക്കും ആദിവാസിക്കും ഗോത്രവര്‍ഗക്കാരനും അതു മനസിലായി. ചൂഷണത്തിനെതിരെ അവര്‍ പൊരുതി. അതാണ് സ്വാതന്ത്ര്യസമരം. അവര്‍ക്ക് നേതൃത്വം കൊടുത്തത് മഹാത്മാഗാന്ധിയായിരുന്നു.


സ്വദേശികൾക്കെതിരെ സമരം


വിദേശാധിപത്യത്തിനെതിരെ നടന്ന സമരം മാത്രമാണോ സ്വാതന്ത്ര്യസമരം? അല്ല. ബ്രിട്ടീഷ്, ഫ്രഞ്ച്, പോർച്ചുഗീസ് വിരുദ്ധ ദേശീയസമരം, ജന്മിവിരുദ്ധ കര്‍ഷകസമരം, ജാതിവിരുദ്ധ സാമൂഹിക പരിഷ്കരണ സമരം, നാടുവാഴിത്തവിരുദ്ധ ഉത്തരവാദിത്വ ഭരണസമരം എന്നിവകള്‍ ചേരുന്നതായിരുന്നു സ്വാതന്ത്ര്യസമരം. ഈ സമരങ്ങളെല്ലാം സ്വതന്ത്രമനുഷ്യനെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. ജന്മിമാര്‍ കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. മേല്‍ജാതികള്‍ കീഴ്ജാതിക്കാര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. വഴിനടക്കാനും ക്ഷേത്രാരാധനക്കും പള്ളിക്കൂടത്തില്‍ പഠിക്കാനും അനുവദിച്ചിരുന്നില്ല. നാടുവാഴികള്‍ ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കിയില്ല. വോട്ടവകാശം നല്‍കിയില്ല. നിയമസഭയില്‍ അംഗമാക്കിയില്ല. ഉദ്യോഗസ്ഥ നിയമനങ്ങളില്‍ അവസരം നല്‍കിയിരുന്നില്ല. ഇത്തരം അവകാശങ്ങള്‍ നേടാനുള്ള സമരവും സ്വാതന്ത്ര്യസമരമായിരുന്നു.


സാധാരണക്കാരന്റെ സ്വാതന്ത്ര്യം


കേരളത്തില്‍ മലബാറില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ചിരുന്നു. കൊച്ചിയും തിരുവിതാംകൂറും മലയാളികളായ രാജാക്കൻമാരാണ് ഭരിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ മലബാര്‍ വിട്ടുപോകണം. അത് സ്വാതന്ത്ര്യസമരം. ഇവിടത്തുകാരായ രാജാക്കൻമാര്‍ക്കെതിരെ സമരം നടത്തിയത് ശരിയോ? ജന്മിമാര്‍ ഇവിടത്തുകാരല്ലേ?അവര്‍ക്കെതിരെ കുടിയാൻമാർ നടത്തിയ സമരം ശരിയായിരുന്നോ? മേല്‍ജാതിക്കാരെല്ലാം ഇവിടത്തുകാരല്ലേ? അവര്‍ക്കെതിരെ കീഴ്ജാതിക്കാര്‍ സമരം ചെയ്യാന്‍ പാടുണ്ടോ? മേല്പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം സാധാരണക്കാര്‍ക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു. അതിനാല്‍ ആ സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി നടത്തിയ സമരങ്ങളെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്.


1947ന് മുമ്പ്‌ ബ്രിട്ടീഷ് ഇന്ത്യയെന്നും നാട്ടുരാജ്യ ഇന്ത്യയെന്നും രണ്ട് ഇന്ത്യ യുണ്ടായിരുന്നു. 565 നാട്ടുരാജ്യങ്ങളിൽ പത്തെണ്ണം ഇന്ത്യാ വിഭജനത്തിനുശേഷം പാകിസ്ഥാനില്‍ ലയിച്ചു. ബാക്കി 555 എണ്ണം ഇന്ത്യയില്‍ ചേര്‍ന്നു. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണഘടന കൊണ്ടുവന്ന ദിവാന്‍ സര്‍. സിപി രാമസ്വാമി അയ്യർക്കെതിരെ ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യമാണ് സമരക്കാര്‍ വിളിച്ചത്. പുന്നപ്രയിലും വയലാറിലും തൊഴിലാളികളും കര്‍ഷകരും സമരം ചെയ്തത് ഈ മുദ്രാവാക്യമുയർത്തിയാണ്‌. ജനകീയ സമരങ്ങളുടെ ഫലമായി രാജാക്കൻമാര്‍ ഇന്ത്യായൂണിയനില്‍ ലയിച്ചു. അതിന്‌ നേതൃത്വം കൊടുത്തത് അന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലാണ്‌.


പ്രതിജ്ഞയെടുക്കാം


കേരളമൊഴികെ മറ്റു പല സംസ്ഥാനങ്ങളിലും ജന്മിത്വം അവസാനിച്ചിട്ടില്ല. ജാതിവിവേചനം നിലനില്‍ക്കുന്നു. ഇതൊക്കെ ഭരണഘടനാമൂല്യമായ വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിന് തടസമാണ്. അന്തസ്സ് നേടാനും സംരക്ഷിക്കാനും കഴിഞ്ഞില്ലെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ അർഥം പൂർണമാകുമോ? 80ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ നമ്മള്‍ ഒരു പ്രതിജ്ഞയെടുക്കണം. എല്ലാ മനുഷ്യരുടെയും സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരം ഇനിയും തുടരണമെന്ന പ്രതിജ്ഞ. നമുക്ക് ഉറക്കെ ആ പ്രതിജ്ഞ ചൊല്ലാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home