ഗൗതം എവിടെ...? പതിമൂന്നാം ദിവസവും ഉത്തരമില്ല

കൊല്ലം : ഗൗതം കൃഷ്‌ണനായുള്ള കുടുംബത്തിന്റെയും നാട്ടുകാരുടെയും കാത്തിരിപ്പിന് ബുധനാഴ്‌ചയും വിരാമമായില്ല. മീൻ പിടിക്കാൻപോയി കാണാതായ ചവറ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്‌ണനായുള്ള തെരച്ചിൽ പതിമൂന്നാം ദിനവും വിഫലം. തെരച്ചിലിനു ബുധനാഴ്‌ച കോസ്‌റ്റ്‌ഗാർഡിന്റെ ഹെലികോപ്‌റ്റർ എത്തിയിരുന്നു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് ഫിഷറീസിന്റെ ബോട്ടിലും വള്ളത്തിലും നീണ്ടകര, ശക്തികുളങ്ങര, ശക്തികുളങ്ങര ഹാർബറിന് കിഴക്കുമാറി അഷ്‌ടമുടിക്കായൽ ഭാഗങ്ങളിലായിരുന്നു പ്രധാനമായും തെരച്ചിൽ. നീണ്ടകര, ശക്‌തികുളങ്ങര ഭാഗത്തുനിന്നാണ് ഗൗതമിന്റെ അച്ഛൻ രാധാകൃഷ്‌ണന്റെ മൃതദേഹം കിട്ടിയത്. അതിനിടെ നേവിയുടെ മുങ്ങൽ വിദഗ്‌ധർ ബുധനാഴ്‌ച തെരച്ചലിന് എത്തിയിരുന്നില്ല.
എന്നാൽ, തെരച്ചിൽ കൂടുതൽ വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കടലിൽ വിവിധ ഭാഗങ്ങളിലായി തെരച്ചിൽ ടീമുകളെ നിയോഗിക്കണം. നേവിയുടെ മുങ്ങൽ വിദഗ്‌ധരെ വീണ്ടും എത്തിക്കണം. ഇതിനായി ഫിഷറീസ് വകുപ്പ് ഇടപെടണം. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഷിബു ബേബിജോൺ സ്ഥലത്ത് കേന്ദ്രീകരിച്ച് തെരച്ചൽ നടപടി ശക്തമാക്കണമെന്നും പരാതി ഉയരുമ്പോൾ നീണ്ടകരയിലും പുത്തൻതുറയിലും വന്നുപോയി മുഖംകാണിക്കുന്ന ഫോട്ടോഷൂട്ട് അവസാനിപ്പിക്കണമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സംഭവമുണ്ടായ ഉടനെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള തെരച്ചിൽ നഷ്‌ടപ്പെടുത്തിയ സർക്കാരിന്റെ വീഴ്‌ചയ്ക്കെതിരെ പ്രതിഷേധം തീരമേഖലയിൽ ശക്തമാണ്.
ജൂലൈ 31 വെള്ളി രാവിലെയാണ് കൊല്ലം നീണ്ടകരയിൽ വള്ളംമറിഞ്ഞ് ഗൗതം അടക്കമുള്ള തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഗൗതത്തിന്റെ അച്ഛൻ രാധാകൃഷ്ണനും മുത്തച്ഛൻ രാജീവനും അപകടത്തിൽ മരിച്ചു. അപകടം ദിവസം രാജീവൻ മരണപ്പെട്ടു. തൊട്ടടുത്ത ദിവസം രാജീവന്റെ മകൾ രേഷ്മയുടെ ഭർത്താവ് രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തി. ഇവരുടെ മകനാണ് ഗൗതം. 25 ലക്ഷം രൂപ മുടക്കിയാണ് ആറുമാസം മുമ്പ് ഗൗതം കൃഷ്ണയുടെ പേരിൽ ബോട്ട് വാങ്ങിയത്. അറ്റകുറ്റപ്പണി നടത്തി പലതവണ കടലിൽ മീൻപിടിക്കാൻ പോയെങ്കിലും ആഗ്രഹിച്ചതുപോലെ വരുമാനം ലഭിച്ചുതുടങ്ങിയിരുന്നില്ല. ട്രോളിങ് നിരോധനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കടന്നാണ് 31ന് വീണ്ടും ഇവർ കടലിൽ പോയത്. ആവശ്യസമയത്ത് ഇടപെടാനല്ലെങ്കിൽ പിന്നെയെന്തിനാണ് കോസ്റ്റൽ പൊലീസും മറ്റ് സേവനങ്ങളുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. ജിപിഎസ് സംവിധാനങ്ങൾ, സ്മാർട്ട് ലൈഫ് ജാക്കറ്റുകൾ, റിമോട്ട് വഴി നിയന്ത്രിക്കുന്ന റസ്ക്യൂ ബോട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.










0 comments