മുതലപ്പൊഴി: നിർത്തിവച്ച മണൽ നീക്കൽ ഇന്ന് പുനരാരംഭിക്കും

ചിറയിൻകീഴ്: മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച മണൽ നീക്കം ഇന്ന് രാവിലെ മുതൽ മുതലപ്പൊഴിയിൽ പുനരാരംഭിക്കും. ഞായർ രാവിലെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളും ഹാർബർ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിലാണ് ഡ്രെഡ്ജിങ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ചർച്ചയിൽ മത്സ്യത്തൊഴിലാളികൾ 4 പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇത് പ്രകാരം കേരള മാരിടൈം ബോർഡിന്റെ ചന്ദ്രഗിരി ഡ്രെഡ്ജർ തിങ്കൾ മുതൽ ദിവസേന 10 മുതൽ 12 മണിക്കൂർ വരെ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിപ്പിക്കും. നിലവിൽ മുതലപ്പൊഴിയിലുള്ള നാലു എസ്‌കവേറ്ററുകളും പ്രവർത്തിപ്പിക്കുന്നതിനൊപ്പം ഒരു ലോങ് ബൂം എസ്‌കവേറ്റർ കൂടി അധികമായി എത്തിക്കും. ചേറ്റുവയിൽ നിന്നെത്തിച്ച മിനിഡ്രെഡ്ജറിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബറുമായി ചർച്ച നടത്തും.
ഡ്രെഡ്ജ് ചെയ്ത മണൽ വീണ്ടും ചാനലിലേക്ക് പോകാതിരിക്കാൻ പുലിമുട്ടിന് വടക്ക് ഭാഗത്ത് ബണ്ട് നിർമിച്ച് ശേഖരിക്കും. ചാനലിലേക്ക് വീണു കിടക്കുന്ന ടെട്രാപോഡുകൾ നീക്കം ചെയ്യുന്നതിനായി ബുധനാഴ്ചയ്ക്കുള്ളിൽ യന്ത്രങ്ങൾ എത്തിച്ച് ഇവ നീക്കം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഡ്രെഡ്ജിങ് ജീവനക്കാർക്കും ഹാർബർ ഉദ്യോഗസ്ഥർക്കും സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുമെന്നും ചർച്ചയിലും തീരുമാനങ്ങളിലും സംതൃപ്തരാണെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ പറഞ്ഞു.
മണൽ നീക്കൽ മന്ദഗതിയിലാണെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച രാവിലെ മുതൽ ദേശീയപാതയും തുറമുഖ വകുപ്പ് എ ഇ യുടെ ഓഫീസും ഉപരോധിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെയും രാത്രി വരെ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഡ്രെഡ്ജിങ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.








0 comments