ad
Deshabhimani

print edition മുതലപ്പൊഴി അപകടം: ഷിജിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു

shijin
വെബ് ഡെസ്ക്

Published on Aug 16, 2026, 01:30 AM | 1 min read

ചിറയിൻകീഴ്: മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിനായുള്ള തിരച്ചിൽ സർക്കാർ അവസാനിപ്പിച്ചു. തിരച്ചിൽ നിർത്തിയതായി ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെങ്കിലും രണ്ടുദിവസമായി തിരച്ചിൽ നടത്തുന്നില്ല. ജൂലൈ 31നാണ് അപകടത്തിൽപ്പെട്ട് അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജിനെ (32) കടലിൽ കാണാതായത്.15 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിക്കുന്നത്. കലക്ടർ അനുകുമാരി ഷിജിന്റെ ഭാര്യ സ്റ്റിജിയെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ വരുംദിവസങ്ങളിൽ തിരച്ചിൽ അവസാനിപ്പിക്കുമെന്ന്‌ സൂചന നൽകിയിരുന്നു. കുടുംബത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് രമ്യ ഹരിദാസ് എംഎൽഎ ഉറപ്പുനൽകിയിരുന്നത്‌.


അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞാണ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെ കാണാതായത്. ഇവരുടെ കുടുംബങ്ങൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് അപകടമുണ്ടായി 15 മണിക്കൂറിനു ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. ഫ്രീമോന്റെ മൃതദേഹം മൂന്നാംദിവസം കണ്ണാന്തുറ ഭാഗത്ത് കരയ്ക്കടിഞ്ഞു. മത്സ്യത്തൊഴിലാളികൾ, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, നാവികസേന തുടങ്ങിയവർ തിരച്ചിൽ നടത്തിയെങ്കിലും ഷിജിനെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിക്കുന്നത്.


ഷിജിന്റെ മൂത്തമകന്റെ ചികിത്സാ ചെലവുകൾ പൂർണമായും സർക്കാർ വഹിക്കുമെന്നും സമയബന്ധിതമായി ക്ഷേമനിധി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ഭാര്യ സ്റ്റിജിക്ക്‌ ജോലി നൽകുമെന്നും സർക്കാർ വാഗ്‌ദാനം ചെയ്‌തിരുന്നതായി പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച്‌ പിന്നീട്‌ വിവരങ്ങളില്ല.


മണൽനീക്കം വൈകുന്നു


അഴിമുഖത്തെ അപകടങ്ങൾക്ക് കാരണമാകുന്ന മണൽ ചാനലിൽനിന്ന് നീക്കം ചെയ്യുന്ന നടപടി വൈകുകയാണ്. പുലിമുട്ട് നീളം കൂട്ടുന്ന പ്രവൃത്തികൾ തുടരുന്നതിന്‌ പുണെയിലെ സിഡബ്ല്യുപിആർഎസ് റിപ്പോർട്ട് നൽകിയെങ്കിലും ഐഐടിയിൽനിന്നടക്കം ഏജൻസിയുടെ അഭിപ്രായംകൂടി തേടാനാണ് തീരുമാനം.


ദേശീയപാത അതോറിറ്റി മണൽ നീക്കാനുള്ള അനുമതിതേടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. നീക്കം ചെയ്യുന്ന മണൽ കഴക്കൂട്ടം–കടമ്പാട്ടുകോണം റീച്ചിലെ നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കാനാണ് ധാരണ.

തീരശോഷണം നേരിടുന്ന താഴമ്പള്ളി, പൂത്തുറ, അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ നിക്ഷേപിക്കണമെന്ന ആവശ്യവും നേരത്തേ ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home