മ്യൂട്ട് ചെയ്തു, വി ജാനകിയാക്കി; ജെഎസ്കെയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചു

തിരുവനന്തപുരം: സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള'യുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചു. ജാനകി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര് മ്യൂട്ട് ചെയ്താണ് ചിത്രത്തിന്റെ പുതിയ പതിപ്പ് സർട്ടിഫിക്കേഷന് നൽകിയിരിക്കുന്നത്. കോടതി വിചാരണ രംഗങ്ങളിലാണ് ഇത്തരത്തിൽ പേരുകൾ മ്യൂട്ട് ചെയ്തത്. രണ്ടര മിനിറ്റിനുള്ളിലെ സീനുകളിൽ ആറിടത്താണ് മ്യൂട്ട്. ഇത് ചിത്രത്തെയും അതിന്റെ ആസ്വാദനത്തെയും ബാധിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. സബ്ടൈറ്റിലുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ജാനകി എന്ന പേര് മാറ്റണ്ടതില്ലെന്നും പേരിനൊപ്പം ഇനിഷ്യൽ ചേർത്ത് ചിത്രത്തിൽ ഉപയോഗിക്കണമെന്നും സെൻസർ ബോർഡ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ വി ജാനകി എന്നോ ഉപയോഗിക്കാനായിരുന്നു നിർദേശം. ചിത്രത്തിന്റെ സബ്ടൈറ്റിലുകളിലടക്കം ജാനകി എന്ന പേര് ഉപയോഗിക്കുമ്പോൾ ഇനിഷ്യൽ ചേർത്താണ് ഉപയോഗിക്കേണ്ടത്. ചിത്രം എത്രയും വേഗം തീയറ്ററുകളിൽ എത്തിക്കാനാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിച്ചതെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. ഇന്നുതന്നെ പുതുക്കിയ പതിപ്പിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയേക്കുമെന്നാണ് സൂചന.
പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ജൂൺ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. ജൂൺ 12നാണ് ചിത്രം ഇ- സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു.
എന്നാൽ സിനിമയുടെ പേരിലെ ജാനകി 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദർശനാനുമതി തടഞ്ഞു. ഇത് രേഖാമൂലം അണിയറ പ്രവർത്തകരെ സെൻസർബോർഡ് അറിയിച്ചിട്ടില്ല. സിനിമയുടെ ട്രെയിലറിന് സിബിഎഫ്‌സി നേരത്തെ തടസങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ അനുമതി നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിൽ കാലതാമസം നേരിട്ടാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ചാണ് നിർമാതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.









0 comments