print edition സതീശന്റെ കാവിവൽക്കരണത്തിന് ലീഗിന്റെ പച്ചക്കൊടി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനം മാതൃകാപരമെന്ന മുസ്ലിംലീഗ് വിലയിരുത്തൽ കാവിവൽക്കരണത്തിനുള്ള പച്ചക്കൊടി. ലീഗ് നേതൃയോഗം പരിപൂർണ പിന്തുണ പ്രഖ്യാപിച്ചതോടെ, സംഘപരിവാറിനുമുന്പിൽ സർക്കാരിന്റെ കീഴടങ്ങൽ സതീശന്റെ മാത്രം അജൻഡയല്ലെന്ന് വ്യക്തമായി.
ആർഎസ്‌എസിന്റെ പ്രധാന താൽപ്പര്യങ്ങളായ പിഎം ശ്രീ, വഖഫ് നിയമ ഭേദഗതി എന്നിവ കേരളത്തിൽ നടപ്പാക്കാനും പിഎംഎവൈ വീടുകളിൽ മോദി ചിത്രം വയ്‌ക്കാനും മുൻകൈയെടുക്കുന്ന ലീഗ് മന്ത്രിമാരുടെ പ്രവർത്തനവും മാതൃകാപരമാണെന്നാണ് നേതൃയോഗത്തിലെ വിലയിരുത്തൽ.
യുഡിഎഫ് അധികാരമേറ്റതുമുതൽ ആർഎസ്‌എസ് അജണ്ടയാണ് കേരളത്തിൽ നടപ്പാക്കുന്നത്. കേരളം ഭരിക്കുന്നത് ആർഎസ്‌എസ് അല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുപോലും പറയേണ്ടിവന്നു. ഏറ്റവും ഒടുവിൽ വഖഫ് ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാത്തതിനെതിരെ ബിജെപി നേതാവ് നൽകിയ ഹർജിയെ സർക്കാർ പിന്തുണച്ചു.
ഹജ്ജ് വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി എൻ ഷംസുദ്ദീന്റെ കീഴിലുള്ള വഖഫ് റവന്യൂ എഫ് വിഭാഗമാണ് ഹൈക്കോടതിയിൽ നൽകാൻ അനുകൂല റിപ്പോർട്ട് തയ്യാറാക്കിയത്. മുസ്ലിംലീഗുകാരനായ സ്‌പെഷ്യൽ ഗവ. പ്ലീഡർ പി എം സനീറാണ് റിപ്പോർട്ടിൽ അഡീഷണൽ അഡ്വക്കറ്റ് ജനറിനുവേണ്ടി കൗണ്ടർ ഒപ്പിട്ടത്. ഇവ ഹൈക്കോടതിക്ക് കൈമാറിയതും സനീറാണ്. ലീഗ് നേതൃത്വത്തിന്റെ സന്പൂർണ അറിവോടെയാണ് ഇതെന്ന് വ്യക്തം.
കടലിൽ മുസല്ലയിട്ട് നിസ്കരിക്കേണ്ടി വന്നാലും ആർഎസ്എസുമായി കൂട്ടുകൂടില്ലെന്ന് പ്രഖ്യാപിച്ച സി എച്ച് മുഹമ്മദ് കോയയുടെ അനുയായികളുടെ ഇപ്പോഴത്തെ ഗതികേട് ചെറുതല്ല. മുഖ്യമന്ത്രി വി ഡി സതീശൻ എല്ലാ ഡീലും ലീഗ് മന്ത്രിമാരെ കൂടെക്കൂട്ടിയാണ് നടപ്പാക്കുന്നത്. ദുർബലമായ എതിർപ്പുപോലും ലീഗിൽനിന്ന് ഉയരുന്നില്ല.
ലീഗിന്റെ കീഴടങ്ങലിന് പിന്നിലെ വികാരം ഇ ഡി പേടിയാണ്. നിലവിൽ ലീഗ് നേതാക്കൾക്കെതിരെ രണ്ട് ഇ ഡി കേസുണ്ട്. ഒന്ന് ‘ചന്ദ്രിക’പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസും മറ്റൊന്ന് ഒരു സഹകരണ ബാങ്കിലെ ബിനാമി അക്കൗണ്ട് കേസുമാണ്.










0 comments