യൂത്ത് നേതാവിന്റെ കുടുംബസ്വത്ത് ലീഗ് നേതാവ് തട്ടിയെടുത്തു ; മുഖ്യമന്ത്രിക്ക് പരാതി നൽകി

എടക്കര (മലപ്പുറം)
മുസ്ലിം യൂത്ത് ലീഗ് നേതാവിന്റെ കുടുംബസ്വത്തായ രണ്ടര ഏക്കർ ഭൂമി ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്‌മായിൽ മൂത്തേടം തട്ടിയെടുത്തതായി പരാതി. യൂത്ത് ലീഗ് ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി പി മുനീർ, ബാപ്പ മൂത്തേടം ബാലംകുളം മൊയ്തീൻകുട്ടി, ഉമ്മ ബിരിയക്കുട്ടി എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. മൂത്തേടം ബാലംകുളത്തെ രണ്ടര ഏക്കർ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ തട്ടിയെടുത്തെന്നാണ് പരാതി.
മൊയ്തീൻകുട്ടിക്ക് മലപ്പുറം ചെമ്മാട് പ്രദേശത്ത് മരമില്ലുണ്ടായിരുന്നു. ഇതിന് 1999ൽ 3,22,182 രൂപ നികുതി കുടിശ്ശികയായി. 2006ൽ തിരൂർ വാണിജ്യ നികുതി ഇന്റലിജൻസ് ഓഫീസിൽ പലിശയടക്കം നാലര ലക്ഷംരൂപ അടച്ചു. എന്നാൽ, ഇത് മറച്ചുവച്ച് മൊയ്‌തീൻകുട്ടിയുടെ ബാലംകുളത്തെ ഭൂമി എടക്കര വില്ലേജ് അധികൃതർ ലേലംചെയ്തു. ഇസ്‌മായിൽ മൂത്തേടം രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് അനധികൃത ലേലത്തിലൂടെ ഭൂമി സ്വന്തമാക്കിയെന്നാണ് കുടുംബത്തിന്റെ പരാതി.
‘ഉപ്പ കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല’
‘ഭൂമി നഷ്ടമായതോടെ ഉപ്പ മാനസികമായും ശാരീരികമായും തളർന്നു. മരമില്ല് പൂട്ടിയപ്പോൾ കുടുംബം പട്ടിണിയിലായി. ഭൂമി ലേലത്തിൽ പിടിക്കരുതെന്ന് ഉപ്പ ഇസ്‌മായിൽ മൂത്തേടത്തിനോട് കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല’– യൂത്ത് ലീഗ് ഏറനാട് നിയോജക മണ്ഡലം സെക്രട്ടറി പി മുനീർ ‘ദേശാഭിമാനി’യോട് പറഞ്ഞു.
മൂത്തേടത്തുനിന്ന് തിരൂർ വാണിജ്യ നികുതി ഓഫീസിലേക്ക് 82 കിലോമീറ്റർ ദൂരമുണ്ട്. അന്ന് വാഹന സൗകര്യവും കുറവായിരുന്നു. മൂന്ന് മക്കളും പ്രായപൂർത്തിയായിരുന്നില്ല. ലേല വിവരങ്ങൾ ഓഫീസിൽപോയി അന്വേഷിക്കാൻ ഉപ്പയ്‌ക്ക് സാധിച്ചില്ല. ഇത് മുതലെടുത്താണ് ഉദ്യോഗസ്ഥ ഒത്താശയിൽ ലേലം നടന്നത്. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഇസ്‌മായിൽ മൂത്തേടത്തിനെതിരെ ആരോപണങ്ങൾ പുറത്തുവന്നതോടെയാണ് മുനീറും കുടുംബവും പരാതിയുമായി രംഗത്തെത്തിയത്. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബം എടവണ്ണയിലാണ് താമസം.









0 comments