അപകടത്തിൽ മരിച്ച ഉസ്താദുമാരുടെ കുടുംബസഹായ ഫണ്ട്‌ 
തട്ടി ലീഗ്‌ നേതാവ്‌; പൊലീസ് അന്വേഷണം തുടങ്ങി

Muslim League Scam
avatar
സ്വന്തം ലേഖകൻ

Published on Aug 26, 2025, 08:27 AM | 1 min read

എടക്കര (മലപ്പുറം): ബൈക്കപകടത്തിൽ മരിച്ച ഉസ്താദുമാരുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ മുസ്ലിം സർവീസ് സംഘടനയുടെ സംസ്ഥാന നേതാവ്‌ സലീം എടക്കരക്കെതിരെ പൊലീസ് അന്വേഷണം.


മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലിയുടെ സഹോദരനാണ് സലീം. എടക്കര പൂവത്തിക്കൽ മഹല്ല് ജുമുഅത്ത് പള്ളിയുടെയും അനുബന്ധ വഖഫ് സ്വത്തുക്കളുടെയും ഭരണം നടത്തുന്ന മുഈനുൽ ഇസ്ലാം സംഘത്തിന്റെ പേരിൽ കേന്ദ്ര വഖഫ് കൗൺസിലിൽനിന്ന് ഒരുകോടി രൂപ വായ്പയായി തട്ടിയെടുക്കാൻ ശ്രമിച്ചതിന്‌ സലീമിനെതിരെ മലപ്പുറം വിജിലൻസിൽ മറ്റൊരു പരാതിയും നിലവിലുണ്ട്‌.


മരിച്ചവരുടെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് എടക്കര പൊലീസ് അന്വേഷണം തുടങ്ങിയത്. നിലമ്പൂർ വെളിയന്തോട് 2010 നവംബർ 22നുണ്ടാ യ അപകടത്തിലാണ്‌ ഫൈസൽ ഫൈസി, അബ്ബാസ് ഫൈസി എന്നിവർ മരിച്ചത്‌. ഇവരുടെ കുടുംബങ്ങളെ സഹായിക്കാൻ എടക്കര സമസ്‌ത വെൽഫെയർ ക മ്മിറ്റി മുഖേന പണം സമാഹരിച്ചു.


തുക രണ്ട് കുടുംബത്തിന്റെയും സംരക്ഷണത്തിനായി മഞ്ചേരി ടൗണിലുള്ള അൽമാസ് ജ്വല്ലറി ഉടമ അലവി ഹാജി മുഖാന്തരം ജ്വല്ലറിയിൽ നിക്ഷേപിച്ചു. പിരിച്ചെടുത്ത തുക 88 പവൻ സ്വർണത്തിന്റെ വിലയായി കണക്കാക്കുകയും ലാഭവിഹിതമായി ഓരോ കുടുംബത്തിനും മാസം 6000 രൂപവീതം നൽകാനും കുട്ടികൾക്ക്‌ വിവാഹപ്രായം എത്തുമ്പോൾ 44 പവൻ വീതം രണ്ട് കുടുംബത്തിനുമായി തിരിച്ചുനൽകാനും കമ്മിറ്റി തീരുമാനിച്ചു.


ഒരുവർഷംമുമ്പ്‌ മാസം നൽകുന്ന 6000 രൂപ നിർത്തലാക്കി. സലീം എടക്കരയാണ് തുക കൈകാര്യം ചെയ്തത്. മരിച്ചവരുടെ മക്കളും ബന്ധുക്കളും പാണക്കാട്‌ തങ്ങൾമാർ ഉൾപ്പെടെ ലീഗ്‌ നേതാക്കളെ നേരിൽ കണ്ടെങ്കിലും പണം ലഭിച്ചില്ല. ഇതിനിടെ മഞ്ചേരിയിൽ വിലകുറഞ്ഞ 10 സെന്റ്‌ ഭൂമി നൽകി ഒത്തുതീർപ്പിനും ശ്രമിച്ചു. 88 പവനോ, ഇതിന്റെ ഇന്നത്തെ വിലയോ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഇതിന്‌ വഴങ്ങാതെ വന്നതോടെയാണ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home