ad
Deshabhimani

യൂത്ത് ലീഗ് നേതാവിന്‍റെ ആ മിടുക്കനായ വിദ്യാഭ്യാസ മന്ത്രിയുടെ 'സുന്ദര സുരഭില കാലം' ഓര്‍ക്കുന്നുവോ ?

Youth League

യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറ(ഇടത്), പി കെ അബ്ജുറബ്ബ് (നടുവില്‍) വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി (വലത്)

വെബ് ഡെസ്ക്

Published on Mar 06, 2026, 05:01 PM | 2 min read

തിരുവനന്തപുരം: പി കെ അബ്ദുറബ്ബ് ആണോ വി ശിവൻകുട്ടിയാണോ മികച്ച വിദ്യാഭ്യാസ മന്ത്രി ? എന്ന ചോദ്യത്തിന് അബ്ദുറബ്ബ് ആണെന്ന് പറഞ്ഞ യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറിന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പൂരം. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നജ്മ മികച്ച വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ആണെന്ന് അഭിപ്രായപ്പെട്ടത്.


വാചക കസർത്തിൽ അല്ല പ്രവൃത്തിയിൽ ആണ് കാര്യം, നിങ്ങള്‍ പെർഫോമൻസ് എടുത്തു നോക്കൂ, ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് അബ്ദുറബ്ബ് തന്നെയാണെന്നാണ് നജ്മ പറഞ്ഞത്. ലീഗ് നേതാവിന്‍റെ പ്രതികരണത്തോടെ യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ രംഗം കടന്നുപോയ ദയനീയ അവസ്ഥകളെ കുറിച്ച് വീണ്ടും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെട്ടി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായി.


കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന പിആര്‍ഡി പരസ്യത്തില്‍ എന്ത് ചെയ്യണമെന്നും എങ്ങനെ പ്രതിരോധിക്കണമെന്നും അറിയാതെ യുഡിഎഫ് നില്‍ക്കുമ്പോഴാണ് നജ്മയുടെ വക മറ്റൊരു പ്രഹരം.


നജ്മയുടെ അഭിപ്രായത്തിലെ അബ്ദുറബ്ബിന്‍റെ പെര്‍ഫോമന്‍സ് വിശകലനം ചെയ്യാം.


2011-16 കാലഘട്ടത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല


പഠിക്കുകയാണെങ്കില്‍ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പഠിക്കണമെന്ന് നെടുവീര്‍പ്പോടെ പറയുന്ന തലമുറ നമുക്കുണ്ടായിരുന്നു. കാരണം, തെറ്റുത്തരം എഴുതിയ കുട്ടിക്ക് വരെ ഫുള്‍ എ പ്ലസ്, വഴിയേ പോകുന്നവനും വന്നവനും നിന്നവനും ഒരുപോലെ വിജയം. ആ 'സുവര്‍ണ്ണ കാലം' എന്നും ഓര്‍മിക്കേണ്ടത് തന്നെയാണ്. കണക്കിന് നാല് മാര്‍ക്കും ഇംഗ്ലീഷിന് പത്ത് മാര്‍ക്കും വരെ വാങ്ങിയ കുട്ടി ജയിച്ചു കയറിയ അതിശയിപ്പിക്കുന്ന നാളുകള്‍ ആയിരുന്നു അത്.


ഫോട്ടോസ്റ്റാറ്റ് കടയില്‍ തിരക്ക് സൃഷ്ടിച്ച കാലം. അധ്യയന വര്‍ഷം അവസാന നാളുകളിലേയ്ക്ക് എത്തിയിട്ടും പാഠപുസ്തകങ്ങള്‍ ലഭിക്കാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിച്ച് നടന്ന ആ കാലം. ഓണത്തിന് മുന്‍പേ നടത്തേണ്ട പരീക്ഷ പാഠപുസ്തകങ്ങള്‍ കിട്ടാത്തതിനാല്‍ ഓണത്തിന് ശേഷം നടത്തിയ 'സുവര്‍ണ്ണ നിമിഷം'. പഠിക്കുന്ന കുട്ടിക്ക് പാഠപുസ്തകങ്ങള്‍ എന്തിനാണെന്ന ചോദ്യമാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദറബ്ബിന്‍റെ ഭാഗത്ത് നിന്നുയര്‍ത്ത്. എത്ര മനോഹരമായ നാളുകള്‍!


ഇതിനെല്ലാം പുറമെ, വിദ്യാഭ്യാസ രംഗത്തെ ലീഗ് വത്കരിക്കാനുള്ള ശ്രമം. വൃത്തിഹീനമായ മൂത്രപ്പുരയും കുടിക്കാന്‍ ശുദ്ധജലം കിട്ടാതെയും കുട്ടികള്‍ വലഞ്ഞ വര്‍ഷങ്ങള്‍, എപ്പോള്‍ വേണമെങ്കിലും നിലംപൊത്തുന്ന അവസ്ഥയില്‍ ആയിരുന്ന വിദ്യാലയങ്ങള്‍. അടച്ചു പൂട്ടിയ സര്‍ക്കാര്‍ സ്കൂളുകള്‍, ഇതെല്ലാം യുഡിഎഫ് ഭരണകാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്‍റെ ഭരണനേട്ടങ്ങള്‍ ആണ്. ഇതാണ് നജ്മ തബ്ഷീറിന്‍റെ അഭിപ്രായത്തില്‍ മികച്ച പെര്‍ഫോമന്‍സ്.


2016-26 ലെ കേരളത്തിലെ വിദ്യാഭ്യാസ മേഖല


അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ കുട്ടികള്‍ക്ക് പാഠപുസ്തകവും യൂണിഫോമും കൈകളില്‍ എത്തിയ കാലം. അടച്ചു പൂട്ടിയ സ്കൂളുകള്‍‍ ഏറ്റെടുത്ത സര്‍ക്കാര്‍. സ്മാര്‍ട്ടായ സര്‍ക്കാര്‍ സ്കൂളുകള്‍, ക്ലാസ് മുറികള്‍, ശുദ്ധീകരിച്ച കുടിവെള്ളവും വൃത്തിയോട് കൂടിയ ശൗചാലയങ്ങളും, കുട്ടികളുടെ ഇഷ്ടാനുസരണം പരിഷ്കരിച്ച ഭക്ഷണമെനു. ഈ കാലഘട്ടം വെറും വാചക കസര്‍ത്ത് മാത്രമോ? ‌‌


പത്ത്‌ വർഷത്തിനിടെ ആദ്യമായി പാഠ്യപദ്ധതിയും പാഠപുസ്‌തകവും പരിഷ്‌കരിച്ചു. ലോകത്തിന്‌ തന്നെ മാതൃകയായി ഏഴ്‌ മുതൽ പത്ത്‌ വരെ ക്ലാസുകളിൽ നിർമിത ബുദ്ധിയും റോബോട്ടിക്‌ സാങ്കേതിക വിദ്യയും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ്‌ കേരളം. ഗാന്ധി വധം പോലുള്ള പാഠഭാഗങ്ങൾ വെട്ടിമാറ്റുകയും വിദ്യാഭ്യാസത്തെ ഹിന്ദുത്വവൽക്കരിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ ശ്രമം ചെറുത്ത്‌, കേന്ദ്രം വെട്ടിയ പാഠഭാഗങ്ങള്‍ കേരളത്തിലെ കുട്ടികള്‍ പഠിക്കുക തന്നെ ചെയ്യുമെന്ന്‌ തീർച്ചപ്പെടുത്തി പ്രതിരോധം തീര്‍ത്ത നാളുകള്‍. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, പരിണാമസിദ്ധാന്തം, അടിയന്തരാവസ്ഥ, ഇന്ത്യാ വിഭജനം തുടങ്ങിയപാഠഭാഗങ്ങളാണ് എന്‍സിഇആര്‍ടി വെട്ടിമാറ്റിയത്. ഈ തീരുമാനത്തിനെതിരെ ബദല്‍ പാഠപുസ്തകം ഇറക്കിയായിരുന്നു കേരളം മറുപടി നല്‍കിയത്.


കൂടാതെ, കുട്ടികളില്‍ വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷങ്ങളെ മറികടക്കാന്‍ കൗണ്‍സിലിംഗ് പോലുള്ള പദ്ധതികള്‍ കൊണ്ടുവന്നു. പണമില്ലാത്തതിന്‍റെ പേരില്‍ ഒരു കുട്ടി പോലും വിനോദയാത്രയ്ക്ക് പോകാതിരിക്കാന്‍ പാടില്ലെന്ന തീരുമാനം കൈകൊണ്ടു, കുട്ടികളോട് ഇണങ്ങി നിന്ന് കുട്ടികളുടെ സ്വന്തം മന്ത്രിയപ്പൂപ്പന്‍ ആയി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലപാടുകൊണ്ടും, പ്രവര്‍ത്തനം കൊണ്ടും മന്ത്രി കുട്ടികളുടെ ഇഷ്ടതോഴന്‍ ആയി.


ഇരുണ്ട നാളുകളെയും വെളിച്ചത്തിന്‍റെ നാളുകളെയും പൊതുജനം തിരിച്ചറിഞ്ഞു തുടങ്ങി. യൂത്ത് ലീഗ് നേതാവിന്‍റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. നിരവധി ട്രോളുകള്‍ക്കും വഴിയൊരുക്കി. വീണ്ടും ആ ഇരുണ്ട നാളുകളെ ഓര്‍മപ്പെടുത്തിയതിന് നന്ദിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home