പരിരക്ഷാ പദ്ധതിയിലൂടെ കോടികൾ തട്ടി
ആർത്തിമൂത്ത ലീഗ് ; അഴിമതിയുടെ നിത്യസ്മാരകങ്ങൾ നിരവധി

‘ഞങ്ങളുടെ അണികളെ വഞ്ചിക്കാൻ ഞങ്ങൾക്കല്ലാതെ മറ്റാർക്കാണ് അവകാശ’മെന്നാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ ചോദ്യം. തട്ടിക്കൂട്ടിയ സംഘടനകളിൽ മുതൽ കൈയിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ വരെ കോണികുത്തി കൊള്ളയടിക്കുന്നു. അണികൾ വഞ്ചിതരായി തുടരുന്നു..
കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന മലപ്പുറം ജില്ലാപഞ്ചായത്തിൽ അഴിമതിയുടെ നിത്യസ്മാരകങ്ങൾ നിരവധി. ജില്ലാപഞ്ചായത്ത് പദ്ധതികളുടെ മറവിലാണ് നേതാക്കൾ കീശ വീർപ്പിച്ചത്.
25 കോടി തട്ടി ജില്ലാപഞ്ചായത്തംഗം ജയിലിൽ
യൂത്ത്‌ലീഗ് ജില്ലാ വൈസ്‌പ്രസിഡന്റും ജില്ലാപഞ്ചായത്ത് അംഗവുമായ ടി പി ഹാരിസ് ഉൾപ്പെട്ട സംഘം തട്ടിയെടുത്തത് 25 കോടി രൂപ. മക്കരപറമ്പ് ഡിവിഷൻ അംഗമായ ഹാരിസ് ഇടനിലക്കാരനായി ലീഗ് അനുഭാവികളായ ഇരുന്നൂറിലധികം പേരിൽനിന്നാണ് തുക തട്ടിയത്.
ജില്ലാപഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ലക്ഷങ്ങൾ ലാഭവിഹിതം വാഗ്‌ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മുച്ചക്ര വാഹനവിതരണം, ആശുപത്രികളിൽ ശസ്ത്രക്രിയാ ഉപകരണ വിതരണം, ഡയാലിസിസ് യൂണിറ്റുകൾ ഒരുക്കൽ, സോളാർപാനൽ സ്ഥാപിക്കൽ, ലാപ്ടോപ്പ് വിതരണം, വിവിധ നിർമാണങ്ങൾ എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്. ലീഗ് നേതാക്കൾ ബിനാമി പേരിൽ കരാരെടുത്ത് പണം മുടക്കാൻ നിക്ഷേപകരെ സമീപിക്കും.
പ്രവൃത്തി പൂർത്തിയാകുമ്പോൾ ലാഭത്തിന്റെ 50 ശതമാനം നിക്ഷേപകർക്കെന്നായിരുന്നു വാഗ്‌ദാനം. ഒരു വർഷമായി ലാഭവിഹിതം കിട്ടാതായതോടെ നിക്ഷേപകർ ലീഗ് നേതാക്കളെ സമീപിച്ചു. ഫലമില്ലാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കേസിൽ അറസ്റ്റിലായ ഹാരിസ് റിമാൻഡിലാണ്. ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ മുംബൈ വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ലീഗ് നേതാക്കളും പങ്കിട്ടതായാണ് വിവരം. വിദേശത്ത് ബിനാമി വ്യവസായം ആരംഭിച്ചതായും ആക്ഷേപമുണ്ട്. ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ് ബിജുവാണ് രണ്ടാംപ്രതി.
നേതാവിന് എത്രയും കിട്ടും ; തിരിച്ചടയ്ക്കേണ്ട
സാധാരണക്കാരായ പ്രവർത്തകർ ലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽനിന്നു വായ്പയെടുത്ത് തിരിച്ചടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തിയാകും. നേതാക്കൾക്ക് പ്രത്യേക പരിഗണനയാണ്. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്‌മയിൽ മൂത്തേടം ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരിൽ കോടികളാണ് വായ്പയെടുത്തത്. വർഷങ്ങൾക്കു മുമ്പുള്ള വായ്‌പകൾ ഇതുവരെ തിരിച്ചടച്ചിട്ടില്ല.
ജില്ലാ സഹകരണ ബാങ്ക് ലീഗ് ഭരിച്ച കാലത്ത് നേതാക്കൾക്ക് ചാകരയായിരുന്നു. ഡയറക്ടർ ബോർഡ് അംഗമായിരിക്കെ ജില്ലാ സഹകരണ ബാങ്ക് എടക്കര ശാഖയിൽമാത്രം ഇസ്മായിൽ മൂത്തേടം തട്ടിയത് രണ്ടുകോടി. വ്യാജരേഖകൾ സമർപ്പിച്ചാണ് വായ്പയെന്ന് പ്രാഥമിക പരിശോധനയിൽതന്നെ വിജിലൻസ് കണ്ടെത്തി.
ലീഗ് നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലും സമാന ക്രമക്കേടുണ്ട്. മൂത്തേടം അർബൻ സഹകരണ സംഘത്തിൽനിന്ന് 2020ൽ സ്വന്തം പേരിൽ 2.70 ലക്ഷവും 1.82 ലക്ഷവും വായ്പയെടുത്തു. ഭാര്യയുടെ പേരിൽ 3,75,000 രൂപയും മക്കളായ അജ്മൽ അലി, ആസിഫ് അലി, സഹോദരൻ അബൂബക്കർ എന്നിവരുടെ പേരിൽ നാലുലക്ഷം വീതവും വായ്പയെടുത്തു. ഏഴ് വായ്പകളും വർഷങ്ങളായി കുടിശ്ശികയായിരുന്നു.
ചുങ്കത്തറ സഹകരണ ബാങ്കിൽനിന്ന് മൂന്ന് വായ്പകളിലായി 55 ലക്ഷമാണ് എടുത്തത്. കരുളായ് സഹകരണ ബാങ്കിൽനിന്ന് 10 ലക്ഷം രൂപയും നിലമ്പൂർ താലൂക്ക് കോ–-ഓപറേറ്റീവ് എംപ്ലോയീസ് സംഘത്തിൽനിന്ന് രണ്ടുലക്ഷവും വായ്പയെടുത്തിട്ടുണ്ട്.
തട്ടിപ്പുസംഘങ്ങളിൽ കോടികളുടെ വെട്ടിപ്പ്
ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായീൽ മൂത്തേടം പ്രസിഡന്റായി 2004ൽ തുടങ്ങിയതാണ് റിൻകോസ് റബർവുഡ് പ്രൊസസിങ് യൂണിറ്റ്. മൂത്തേടം നാരങ്ങാപ്പൊട്ടിയിൽ മൂന്ന് ഏക്കർ വാങ്ങി. ഒരു ദിവസം പോലും പ്രവർത്തിക്കാത്ത കമ്പനിയുടെ പേരിൽ ജില്ലയിലെ യുഡിഎഫ് നിയന്ത്രണത്തിലുള്ള 29 സഹകരണ സംഘങ്ങളിൽനിന്ന് 7,25,000 രൂപ ഓഹരി പിരിച്ചു. ലക്ഷങ്ങൾ ഓഹരിവാങ്ങി. 20 വർഷമായിട്ടും സ്ഥാപനം തുടങ്ങിയില്ല. പണം തിരിച്ചുനൽകിയിട്ടുമില്ല.
കാരപ്പുറത്ത് ഇസ്മായീൽ മൂത്തേടം പ്രസിഡന്റായി ആരംഭിച്ച നിലമ്പൂർ താലൂക്ക് പ്രിന്റിങ് ആൻഡ് ബുക്ക് ബൈൻഡിങ് വ്യവസായ സഹകരണ സംഘത്തിന്റെ മറവിലും കോടികൾ തട്ടി. 2005ൽ വ്യവസായമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ് ഉദ്ഘാടനംചെയ്തത്. മാസങ്ങൾക്കകം അടച്ചുപൂട്ടി. ലക്ഷങ്ങളുടെ മെഷീനുകൾ മറിച്ചുവിറ്റു. ഓഹരി പിരിച്ചതിനൊരു കണക്കുമില്ല. പണം നഷ്ടമായ ലീഗ് അണികൾ പരാതി നൽകിയെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല.
ചെറുകാവിൽ വൻകൊള്ള
മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറം ചെറുകാവ് പഞ്ചായത്ത് സഹകരണ ബാങ്കിൽ 11 കോടി രൂപയുടെ വെട്ടിപ്പ്. ഒരുകോടി രൂപയുടെ പണയസ്വർണത്തിലും വെട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ബാങ്ക് സെക്രട്ടറിയും സജീവ ലീഗ് പ്രവർത്തകനുമായ സിയാംകണ്ടം സ്വദേശി പി വി ആസിഫിനെ സഹകരണ വകുപ്പ് ജില്ലാ രജിസ്ട്രാർ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തു. പൊലീസ് അന്വേഷണത്തിനിടെ ലീഗ് ഒത്താശയിൽ ഇയാൾ വിദേശത്തേക്ക് കടന്നു. നിക്ഷേപകർക്ക് ഇതുവരെ പണം തിരിച്ച് നൽകിയിട്ടില്ല.
വഖഫ് ഭൂമി തട്ടി; തിരിച്ചുനൽകി തടിയൂരി
വ്യാജരേഖയുണ്ടാക്കാൻ വിദഗ്ധരാണ് ഒരുവിഭാഗം നേതാക്കൾ. പൊതുസ്വത്ത് തട്ടിയെടുക്കാൻ അസാധാരണ മിടുക്ക്. അണികളോ നാട്ടുകാരോ ചെറുവിരൽ അനക്കില്ലെന്ന് ഉറപ്പാക്കാൻ അനുചരവൃന്ദങ്ങളുണ്ട്. ഇ കെ വിഭാഗം സമസ്‌തയുടെ നിയന്ത്രണത്തിലുള്ള ജാമിഅ അദിയ്യയുടെ നേതൃത്വത്തിലുള്ള രണ്ട് ഏക്കർ മൂന്ന് സെന്റ് വഖഫ് ഭൂമി തട്ടിയെടുത്തത് ലീഗ് നേതാക്കളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ്.
എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ട്രസ്റ്റാണ് വഖഫ് ഭൂമി ചുളുവിലയ്ക്ക് തട്ടിയത്. ആറുകോടി വിലമതിക്കുന്ന ഭൂമിക്കും കെട്ടിടത്തിനും ആധാരത്തിൽ വില 30 ലക്ഷം മാത്രം-. സമസ്‌തയുടെ പോഷകസംഘടനയായ എസ്‌കെഎസ്‌എസ്‌എഫാണ് പരാതിയുമായി വന്നത്. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്‌ത സ്ഥലവും കെട്ടിടവും വഖഫ് സ്വത്താണ്. ജാമിഅ സഅദിയയ്യയുടെ ജനറൽബോഡി ചേർന്ന് ഭൂമികൈമാറ്റത്തിന് തീരുമാനമെടുത്തതായി വ്യാജരേഖയുണ്ടാക്കി. രജിസ്ട്രാറെ രഹസ്യകേന്ദ്രത്തിൽ വിളിച്ചുവരുത്തി ആധാരം തയ്യാറാക്കി. ജാമിഅയുടെ കീഴിലുള്ള ജെംസ് സ്‌കൂൾ പൂട്ടിയതിനുപിന്നാലെയാണ് ഭൂമിതട്ടിപ്പ്.
സംഭവം വിവാദമായി പാളയത്തിൽപ്പടയ്ക്ക് തീപിടിച്ചതോടെ വിൽപന നടത്തിയ 584/20 ആധാരം തിരിച്ചുനൽകി ഖമറുദ്ദീനും സംഘവും തടിയൂരി. 3.60 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 60,145 രൂപ രജിസ്ട്രേഷൻ ഫീസും സബ് രജിസ്ട്രാർ ഓഫീസ് ഇൗടാക്കി. നാലുമാസം രഹസ്യമാക്കി വച്ച വിൽപനയാണ് 2020 ജൂലൈ 17ന് ഭൂമി തിരികെ നൽകി തലയൂരിയത്.
പരിരക്ഷാ പദ്ധതിയിലൂടെ കോടികൾ തട്ടി
മുസ്ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി ആരംഭിച്ച സാമൂഹ്യസുരക്ഷാ പദ്ധതിയുടെ മറവിലും കോടികളുടെ തട്ടിപ്പ്. ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായിൽ മൂത്തേടം കോ–ഓർഡിനേറ്ററായി 2021 ജൂണിൽ ആരംഭിച്ച മലപ്പുറം അസോസിയേഷൻ ഫോർ സെക്യൂരിറ്റി സ്കീം മറവിലാണ് തട്ടിപ്പ്. പണം നിക്ഷേപിച്ചിട്ടും ആനുകൂല്യം ലഭിച്ചില്ലെന്ന് മുൻ എംഎസ്എഫ് നേതാവ് പി എ ഷറഫലി മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകി.
രണ്ടായിരം രൂപ നൽകി അംഗത്വമെടുക്കുന്ന സ്കീമിൽ മരണപ്പെട്ടാൽ രണ്ടുലക്ഷം, ഗുരുതര പരിക്കേൽക്കുന്നവർക്ക് ഒരുലക്ഷം, അടിയന്തര ചികിത്സാ സഹായമായി 10,000മുതൽ 50,000വരെ എന്നിങ്ങനെയാണ് വാഗ്‌ദാനംചെയ്‌തത്. ഓരോവർഷവും സ്കീം പുതുക്കാൻ 1500 രൂപവീതവും ഇൗടാക്കി. 2023ൽ 25,000 പേർ അംഗങ്ങളായെന്ന് പ്രമോഷൻ വീഡിയോയിൽ അവകാശപ്പെടുന്നു. ഇൗവർഷംമാത്രം അഞ്ചു കോടി ലഭിച്ചു. 2021ലും 2022ലും കൂടുതൽ ലഭിച്ചു. 20 കോടിയോളമാണ് ആകെ സ്വരൂപിച്ചത്. തുകയെല്ലാം കോ–ഓർഡിനേറ്ററുടെ നിയന്ത്രണമുള്ള മൂത്തേടം സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചത്.
മഞ്ചേരി എംഎൽഎ യു എ ലത്തീഫ് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായിരിക്കെയാണ് പദ്ധതി ആരംഭിച്ചത്. അബ്ദുൾ ഹമീദ് ജനറൽ സെക്രട്ടറിയായതോടെ സുതാര്യതയില്ലെന്നുകണ്ട് അവസാനിപ്പിച്ചു. നിക്ഷേപത്തുക വകമാറ്റിയാണ് കോടികൾ തട്ടിയത്.








0 comments