Deshabhimani

സ്ഥാനങ്ങളെല്ലാം നേതാക്കൾക്ക്‌; ബോർഡ്‌, കോർപറേഷനിൽ ലീഗിൽ തർക്കം

Congress Muslim League Flags
വെബ് ഡെസ്ക്

Published on Nov 20, 2026, 12:30 AM | 1 min read

കോഴിക്കോട്‌: സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം ബോർഡ്‌ ചെയർമാനാകുന്നതിൽ മുസ്ലിം ലീഗിൽ ഭിന്നത. സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗവും ബോർഡും കോർപറേഷനും ലക്ഷ്യമിട്ടതോടെ പാർടി പ്രവർത്തനത്തിന്‌ ‘പുറംകരാറാ’കാമെന്ന വിമർശമുയരുന്നു. സ്ഥാനങ്ങൾ നേതാക്കൾ വീതംവെച്ചെന്ന പരിഹാസം ജില്ലാ നേതാക്കളും ഉയർത്തുന്നു. സമൂഹമാധ്യമങ്ങളിലും ലീഗ്‌ കേന്ദ്രങ്ങളിലും നേതാക്കളുടെ സ്ഥാനമോഹം ചർച്ചയാണ്‌. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സിൽക്‌ ചെയർമാനാകുന്നതിൽ ലീഗിൽ എതിർപ്പുണ്ട്‌.

ജനറൽ സെക്രട്ടറി ബോർഡ്‌ ചെയർമാനാകുന്നത്‌ നേതൃത്വത്തിന്‌ ചേർന്നതല്ല എന്നാണ്‌ വാദം. ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറിമാരൊന്നും ഇന്നേവരെ ബോർഡ്‌, കോർപറേഷൻ പദവിക്കായി പോയില്ലെന്നും ഇവർ ഓർമിപ്പിക്കുന്നു. സലാമിനൊപ്പം സംസ്ഥാന ഭാരവാഹികളിലെ പ്രധാനികളെല്ലാം പദവികൾക്കുള്ള പട്ടികയിലുണ്ട്‌. മന്ത്രിമാരെ മാറ്റി ഇ‍ൗയടുത്ത്‌ ഭാരവാഹികളായവർ ബോർഡിനായുള്ള ഓട്ടത്തിലാണ്‌. അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈർ കെഎസ്‌ഐഇ ചെയർമാൻ പദം ഉറപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ സി ശ്യാംസുന്ദർ (കെഇഎംഡിഎൽ), സി എച്ച് റഷീദ് (ട്രാക്കോ കേബിൾ), ടി എം സലിം (കെൽ) എന്നിവരും ബോർഡ്‌ ചെയർമാന്മാരായി. വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ്‌ സിഡ്‌കോയുടെയും വൈസ്‌പ്രസിഡന്റ്‌ യഹിയ ഖാൻ ക്രൂസിന്റെയും ചെയർമാനാണ്‌. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം സി മായിൻഹാജി വഖഫ്‌ബോർഡ്‌ ചെയർമാനായി.

സെക്രട്ടറി ഷാഫി ചാലിയത്തിന്‌ പിഎസ്‌സി അംഗത്വം കിട്ടി. വൈസ്‌പ്രസിഡന്റുമാരായ പി അബ്ദുൾ ഹമീദ്‌, സി പി സെയ്‌തലവി, ഉമ്മർ പാണ്ടികശാല എന്നിവരെയും വിവിധ ബോർഡുകൾക്കായി പരിഗണിക്കുന്നു. 2011ലെ ഉമ്മൻചാണ്ടി ഭരണത്തിൽ32 പദവികളാണ്‌ ലീഗിന്‌ അനുവദിച്ചത്‌. ഇക്കുറി അഞ്ച്‌ സ്ഥാനത്തിനുംകൂടി സമ്മർദം ശക്തമാക്കി. അഞ്ച്‌ മന്ത്രിമാർ കൂടാതെ കാബിനറ്റ്‌ പദവിയുള്ള ഭരണപരിഷ്കാര കമീഷൻ ചെയർമാൻസ്ഥാനം എം കെ മുനീറിനായി ചോദിച്ചുവാങ്ങിയിരുന്നു. വനിതാ വികസന കോർപറേഷനൊപ്പം ന്യൂനപക്ഷ കമീഷൻ ചെയർമാൻ പദവിക്കായും ചരടുവലിക്കുന്നു. നിയമസഭാ സീറ്റ്‌ നിഷേധിക്കപ്പെട്ട മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി ഇക്കുറിയും പുറത്താണെന്നാണ്‌ സൂചന. മുൻ എംഎൽഎമാരായ കെഎൻഎ ഖാദർ, യു എ ലത്തീഫ്‌, യു സി രാമൻ എന്നിവരുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home