print edition കൊലക്കേസ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന വിചാരണ തടവുകാരൻ ചാടിപ്പോയി. വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷാണ് ആശുപത്രിയിൽനിന്ന് ചാടിയത്. തിങ്കൾ രാത്രിയാണ് ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ടത്.
മൂന്നാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന വിനീഷ് ശുചിമുറിയുടെ ചുവര് തുരന്നാണ് പുറത്തെത്തിയത്. തുടർന്ന് ചുറ്റുമതിൽ ചാടിക്കടന്ന് ഓടുകയായിരുന്നു. പ്രതിക്കായി റെയിൽവേ സ്റ്റേ ഷനുകളിലും ബസ് സ്റ്റാൻഡുകളിലുമടക്കം പൊലീസ് പരിശോധന ഉൗർജിതമാക്കി. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണത്തടവുകാരനായ വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് ഡിസംബർ പത്തിന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
2021 ജൂൺ 18നാണ് പെരിന്തൽമണ്ണ ഏലംകുളം കുഴന്തറ ചെമ്മാട്ട് വീട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യയെ ഇയാൾ കുത്തിക്കൊലപ്പെടുത്തിയത്. വീടിന്റെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയായിരുന്നു കൊലപാതകം. സംഭവത്തിന്റെ തലേദിവസം പെരിന്തൽമണ്ണയിലെ വ്യാപാരസ്ഥാപനം തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. മഞ്ചേരി ജയിലിൽ കഴിയുമ്പോൾ കൊതുകുതിരി കഴിച്ച് ആത്മഹത്യ ചെയ്യാനും വിനീഷ് ശ്രമം നടത്തിയിരുന്നു.










0 comments