വാളയാറിലെ രാം നാരായണന്റെ കൊലപാതകം ; കുറ്റക്കാരെ ആരെയും വെറുതെവിടില്ല: മന്ത്രി കെ രാജൻ

തൃശൂർ : വാളയാറിലെ രാം നാരായണന്റെ കൊലപാതകം അത്യന്തം ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ. മലയാളികൾക്ക് അപമാനകരമായ സംഭവമാണ് നടന്നത്. രാം നാരായണന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്ന കാര്യം മന്ത്രിസഭ തീരുമാനിക്കും. പത്തുലക്ഷത്തിൽ കുറയാതെ സംഖ്യ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ അറിയിക്കും. സഹായധനം അർഹരുടെ കൈകളിൽ എത്തുമെന്ന് ഉറപ്പുവരുത്തും. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ കലക്ടർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ രാംനാരായണന്റെ കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാംനാരായണന്റെ ഭാര്യ ലളിതയും മക്കളും കുടുംബവും ഞായറാഴ്‌ച തൃശൂരിൽ എത്തി. മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ അവർക്ക് ആശയക്കുഴപ്പം അവർക്കുണ്ടായി. കുടുംബാംഗങ്ങളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി സർക്കാർ ചർച്ച നടത്തി.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഇതിനകം അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു. വംശീയ ആക്ഷേപമുണ്ടായതായി വിവരം ലഭിച്ചു. ബംഗ്ലദേശിയെന്ന് ആക്ഷേപിച്ച് ആക്രമിച്ചെന്ന വിവരം ആധികാരികമായി അന്വേഷണസംഘം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആരെയും വെറുതെ വിടില്ല. പഴുതടച്ച അന്വേഷണം നടത്തണം. എസ്‌സി എസ്‌ടി വിഭാഗത്തിന് നേരയുണ്ടായ ആക്രമണമെന്ന വകുപ്പ് ചേർത്ത് അന്വേഷണം നടത്തും. ഇൗ വിഭാഗക്കാർക്കു നേരെയുള്ള ആക്രമണത്തിൽ 2023ലെ സുപ്രീംകോടതി വിധി പ്രകാരമുള്ള നിർദേശപ്രകാരമുള്ള നടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേരളത്തിൽ എത്തുന്ന അതിഥി തൊഴിലാളികൾക്ക്, തദ്ദേശ തൊഴിലാളികൾക്ക് നൽകുന്ന പരിരക്ഷയാണ് ഉറപ്പാക്കുന്നത്. കോവിഡ് കാലത്തുൾപ്പടെ ഇത്തരം അനുഭവങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചതാണെന്നും മന്ത്രി പറഞ്ഞു











0 comments