ഒന്നരവയസ്സുകാരന്റെ കൊലപാതകം: അഷ്കറിന്റെ ആക്രമണം അമ്മയുടെ അറിവോടെ, ആദ്യ ഭാര്യാസഹോദരന്റെ മരണത്തിലും ദുരൂഹത

നെടുമങ്ങാട് : തിരുവനന്തപുരം നെടുമങ്ങാട് പനവൂരിൽ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരൻ അർഷാദിനെ രണ്ടാനച്ഛൻ അഷ്കർ ആക്രമിച്ചത് അമ്മ അഖിലയുടെ അറിവോടെയെന്ന് പൊലീസ്. കുഞ്ഞിന്റെ കൈകൾ തല്ലിയൊടിച്ചതിനും കാലുകളിൽ പൊള്ളലേൽപ്പിച്ചതിനും അഖിലയും സാക്ഷിയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അഷ്കർ വടികൊണ്ട് കുഞ്ഞിനെ ആക്രമിച്ചപ്പോഴും അഖില തടഞ്ഞില്ല. കുഞ്ഞ് മരിക്കുന്ന ദിവസം അഖില തമിഴ്നാട്ടിലായിരുന്നുവെന്ന മൊഴിയും വിശ്വസനീയമല്ലെന്നാണ് പൊലീസ് നിലപാട്.
അഷ്‌കറിന്റെ ആദ്യ ഭാര്യ ആമിനയുടെ സഹോദരന്റെ മരണത്തിലും ദുരൂഹത. ആമിനയുടെ നിലവിലെ അവസ്ഥയ്ക്കുകാരണക്കാരൻ അഷ്‌കറാണെന്നും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്കിടയിൽ ദുരൂഹ സാഹചര്യത്തിലാണ് മകൻ മരിച്ചതെന്നും ആമിനയുടെ പിതാവ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. സ്ത്രീധനത്തിന്റെ പേരിൽ ആമിനയ്ക്ക് ക്രൂരപീഡനങ്ങൾ അഷ്കറിൽനിന്ന് നേരിടേണ്ടിവന്നിട്ടുണ്ട്. കിണറ്റിൽതള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചിരുന്നു. ദീർഘകാലം അബോധാവസ്ഥയിലായിരുന്ന ആമിന ഇപ്പോഴും ചികിത്സയിലാണ്.
ഒരുവർഷംമുമ്പാണ് ആമിനയുടെ സഹോദരൻ മുഹമ്മദിനെ (16) വാമനപുരം നദിയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആമിനയെ നിരന്തരം ആക്രമിക്കുന്നതിനെ മുഹമ്മദ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെപേരിൽ അഷ്‌കർ സ്കൂളിലെത്തി പലവട്ടം അസഭ്യം വിളിക്കുകയും വഴിവക്കിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും ചെയ്തിരുന്നത്രേ. ഇതിനുപിന്നാലെയാണ് മുഹമ്മദിന്റെ മൃതദേഹം നദിയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് താൻ പൊലീസിനെ സമീപിച്ചിരുന്നതായി ആമിനയുടെ പിതാവ് പറയുന്നു.
ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്നുപറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അഷ്കർ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൽപ്പസമയം കഴിഞ്ഞ് കുഞ്ഞ് മരിച്ചു. പരിശോധനയിൽ തലയ്‌ക്കുപിന്നിൽ ശക്തമായി ക്ഷതമേറ്റ പാടും കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വാശിപിടിച്ച് കരഞ്ഞ കുഞ്ഞിന്റെ തലയ്ക്കു പിന്നിൽ അഷ്കർ അടിച്ചു. അടിയേറ്റ് വീണ കുഞ്ഞിനെ കട്ടിലിൽ കിടത്തി. കുഞ്ഞ് ഛർദിക്കുന്നതിന്റെ ശബ്ദംകേട്ടെത്തിയ പരിസരവാസികളോട് ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ പറഞ്ഞത്. ഇവരാണ് ആശുപത്രിയിലെത്തിക്കാൻ നിർബന്ധിച്ചത്.
വെങ്കിട്ടക്കാല സ്വദേശിനിയായ അഖിലയുടെ ആദ്യ ഭർത്താവ് പാലോട് സ്വദേശിയാണ്. ഒരുവർഷം മുമ്പ് ഇയാൾ ആത്മഹത്യ ചെയ്തു. പിന്നീടാണ് അഷ്കറെ കൂടെക്കൂട്ടിയത്. മിക്കപ്പോഴും കുഞ്ഞിനെ അഷ്‌കർ ഉപദ്രവിക്കാറുണ്ടായിരുന്നു. കുഞ്ഞിനെ അഷ്കർ ഉപദ്രവിക്കുന്ന വിവരമെല്ലാം അഖിലയ്ക്ക് അറിയാമായിരുന്നുവെന്നാണ് വിവരം. നർത്തകിയായ അഖില ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി പുറത്തായിരിക്കുന്ന സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകളും ചതവുകളുമെല്ലാം ഉരുണ്ടുവീണും തീയിൽ കളിച്ചുമൊക്കെ സംഭവിച്ചതാണെന്നാണ് അഷ്കർ ബന്ധുക്കളോട് പറഞ്ഞിരുന്നത്. കുഞ്ഞിനെ ഉയരത്തിൽനിന്ന് തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ സമ്മതിച്ചു.










0 comments