ad
Deshabhimani

നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ കൊലപാതകം; അഷ്കറുമായി തെളിവെടുപ്പ്: പ്രതിക്കെതിരെ ജനരോഷം

nedumangad child death
വെബ് ഡെസ്ക്

Published on May 31, 2026, 11:57 AM | 2 min read

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ അഷ്കറുമായി വീട്ടിൽ തെളിവെടുപ്പ്. വീട്ടിൽ തെളിവെടുപ്പിനെത്തിച്ച പ്രതിക്കുനേരെ ജനരോഷം ഉയർന്നു. നാട്ടുകാർ അഷ്കറിനെ മർദിച്ചു. വളരെ ശ്രമപ്പെട്ടാണ് പൊലീസ് തെളിവെടുപ്പിനായി അഷ്കറിനെ വീട്ടിലേക്ക് എത്തിച്ചത്. പ്രദേശത്ത് വലിയ രീതിയിൽ ജനങ്ങൾ തടിച്ചുകൂടിയിട്ടുണ്ട്. അഷ്കറിന്റെ നിരന്തര മർദ്ദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണ് ഒന്നരവയസുകാരനായ അർഷാദ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടാനച്ഛനായ അഷ്കറിനെയും കുട്ടിയുടെ അമ്മ അഖിലയെയും പൊലീസ്‌ അറസ്റ്റ് ചെയ്തു. പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്ക്കു താമസിക്കുകയാണ് ഇവർ.


അഷ്കർ നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഇതെല്ലാം അഖിലയ്ക്ക് അറിയാമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. കുഞ്ഞിനെ വിട്ടുകിട്ടാനായി അഖിലയുടെയും അദ്യഭർത്താവിന്റെയും വീട്ടുകാർ നിയമപരമായി നീങ്ങിയിരുന്നതായും വിവരമുണ്ട്.


ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്നുപറഞ്ഞ്‌ വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്കർ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അൽപ്പസമയം കഴിഞ്ഞ്‌ കുഞ്ഞ് മരിച്ചു. പരിശോധനയിൽ തലയ്‌ക്കുപിന്നിൽ ശക്തമായി ക്ഷതമേറ്റ പാടും കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വാശിപിടിച്ച്‌ കരഞ്ഞ കുഞ്ഞിന്റെ തലയ്ക്കു പിന്നിൽ അഷ്കർ അടിച്ചു. അടിയേറ്റ്‌ വീണ കുഞ്ഞിനെ കട്ടിലിൽ കിടത്തി. കുഞ്ഞ്‌ ഛർദിക്കുന്നതിന്റെ ശബ്ദംകേട്ടെത്തിയ പരിസരവാസികളോട്‌ ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ പറഞ്ഞത്. ഇവരാണ്‌ ആശുപത്രിയിലെത്തിക്കാൻ നിർബന്ധിച്ചത്‌.


വെങ്കിട്ടക്കാല സ്വദേശിനിയായ അഖിലയുടെ ആദ്യ ഭർത്താവ് പാലോട് സ്വദേശിയാണ്. ഒരുവർഷം മുമ്പ് ഇയാൾ ആത്മഹത്യ ചെയ്തു. പിന്നീടാണ് അഷ്കറെ കൂടെക്കൂട്ടിയത്. മിക്കപ്പോഴും കുഞ്ഞിനെ അഷ്‌കർ ഉപദ്രവിക്കാറുണ്ടായിരുന്നു. കുഞ്ഞിനെ അഷ്കർ ഉപദ്രവിക്കുന്ന വിവരമെല്ലാം അഖിലയ്ക്ക് അറിയാമായിരുന്നുവെന്നാണ് വിവരം. നർത്തകിയായ അഖില ആഴ്‌ചകളായി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. കുഞ്ഞും അഷ്കറും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.


ഈ സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകളും ചതവുകളുമെല്ലാം ഉരുണ്ടുവീണും തീയിൽ കളിച്ചുമൊക്കെ സംഭവിച്ചതാണെന്നാണ് അഷ്കർ ബന്ധുക്കളോട് പറഞ്ഞിരുന്നത്. വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കൾ ദുരൂഹതയാരോപിച്ച് പൊലീസിനെ സമീപിച്ചിരുന്നു. നെടുമങ്ങാട് പൊലീസ് അഷ്കറിനെയും അഖിലയെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.


കുഞ്ഞിനെ ഉയരത്തിൽനിന്ന്‌ തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ സമ്മതിച്ചു. അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചതെല്ലാം അഖിലയുടെ അറിവോടെ ആയിരുന്നെന്ന്‌ പിതാവിന്റെ ബന്ധുക്കൾ പൊലീസിൽ മൊഴിനൽകി. പോസ്റ്റ്‌മോർട്ടത്തിനുശേഷം പിതാവിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home