ad
Deshabhimani

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊല; പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

nedumangad child death
വെബ് ഡെസ്ക്

Published on Jun 05, 2026, 06:15 AM | 1 min read

നെടുമങ്ങാട് : പനവൂരിലെ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള രണ്ടാനച്ഛൻ അഷ്‌കറിനെയും കുഞ്ഞിന്റെ അമ്മ അഖിലയേയും പൊലീസ് വെള്ളിയാഴ്ച കസ്‌റ്റഡിയിൽ വാങ്ങും. ഇതിനായി നെടുമങ്ങാട് എസ്‌സി/എസ്ടി കോടതിയിൽ അന്വേഷകസംഘം കഴിഞ്ഞദിവസം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. വെള്ളിയാഴ്ച ഓപ്പൺ കോടതി അപേക്ഷ പരിഗണിക്കും. കുഞ്ഞിന്റെ മരണത്തിൽ അഖിലയ്‌ക്കുള്ള പങ്ക് നേരത്തേ വ്യക്തമായിരുന്നെങ്കിലും തെളിവെടുപ്പ് നടത്തിയിരുന്നില്ല. പനവൂരിലെ വാടകവീട്ടിൽ അഷ്‌കറിനെയെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോൾ ജനരോഷം ഉണ്ടായതോടെ അഖിലയുടെ തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ കൂട്ടുനിന്നെന്ന അഷ്‌കറിന്റെ മൊഴിക്കുപുറമെ അഷ്‌കറിന്റെ മാതാപിതാക്കളുടെ മൊഴിയും അഖിലയ്‌ക്കെതിരെയുണ്ട്‌.


ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്നുപറഞ്ഞ്‌ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അഷ്കർ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൽപ്പസമയം കഴിഞ്ഞ്‌ കുഞ്ഞ് മരിച്ചു. പരിശോധനയിൽ തലയ്‌ക്കുപിന്നിൽ ശക്തമായി ക്ഷതമേറ്റ പാടും കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വാശിപിടിച്ച്‌ കരഞ്ഞ കുഞ്ഞിന്റെ തലയ്ക്കു പിന്നിൽ അഷ്കർ അടിച്ചു. അടിയേറ്റ്‌ വീണ കുഞ്ഞിനെ കട്ടിലിൽ കിടത്തി. കുഞ്ഞ്‌ ഛർദിക്കുന്നതിന്റെ ശബ്ദംകേട്ടെത്തിയ പരിസരവാസികളോട്‌ ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ പറഞ്ഞത്. ഇവരാണ്‌ ആശുപത്രിയിലെത്തിക്കാൻ നിർബന്ധിച്ചത്‌.


വെങ്കിട്ടക്കാല സ്വദേശിനിയായ അഖിലയുടെ ആദ്യ ഭർത്താവ് പാലോട് സ്വദേശിയാണ്. ഒരുവർഷം മുമ്പ് ഇയാൾ ആത്മഹത്യ ചെയ്തു. പിന്നീടാണ് അഷ്കറെ കൂടെക്കൂട്ടിയത്. മിക്കപ്പോഴും കുഞ്ഞിനെ അഷ്‌കർ ഉപദ്രവിക്കാറുണ്ടായിരുന്നു. കുഞ്ഞിനെ അഷ്കർ ഉപദ്രവിക്കുന്ന വിവരമെല്ലാം അഖിലയ്ക്ക് അറിയാമായിരുന്നുവെന്നാണ് വിവരം. നർത്തകിയായ അഖില ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി പുറത്തായിരിക്കുന്ന സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകളും ചതവുകളുമെല്ലാം ഉരുണ്ടുവീണും തീയിൽ കളിച്ചുമൊക്കെ സംഭവിച്ചതാണെന്നാണ് അഷ്കർ ബന്ധുക്കളോട് പറഞ്ഞിരുന്നത്. കുഞ്ഞിനെ ഉയരത്തിൽനിന്ന്‌ തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ സമ്മതിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home