ad
Deshabhimani

വാഹനത്തർക്കം; പുഴയിൽ യുവാവിനെ കല്ലെറിഞ്ഞു താഴ്ത്തിക്കൊന്ന കേസിൽ 12 വർഷത്തിന് ശേഷം വിധി

Stock Image Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 24, 2026, 08:22 AM | 1 min read

കോട്ടയം: ബസ് ബൈക്കിൽ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് കോടതി കഠിനതടവ് വിധിച്ചു.ഏഴുവർഷം കഠിനതടവിനും 50,000 രൂപ വീതം പിഴ അടയ്ക്കാനുമാണ് വിധി. അതേസമയം കേസിലുണ്ടായിരുന്ന മറ്റു നാല് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.


ചെമ്പ് സ്വദേശി നോയലിനെ (23) മുറിഞ്ഞപുഴയാറ്റിൽ കല്ലെറിഞ്ഞ് താഴ്ത്തിക്കൊന്ന കേസിൽ പ്രതികളായ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുൾ അസീസ് (64), സുധീർ (47), ഷാജി (54) എന്നിവരെയാണ് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. സതീഷ് കുമാർ ശിക്ഷിച്ചത്.


2012 മാർച്ച് 16 നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വൈക്കത്തെ പെട്രോൾ പമ്പിൽ ബസ് പിന്നോട്ട് എടുക്കുമ്പോൾ ബൈക്കിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബസ് ഡ്രൈവറായ നോബിളിനെ പ്രതികൾ പലയിടങ്ങളിൽ വെച്ച് മർദിക്കുകയും, ഇയാൾ ചികിത്സ തേടിയ ആശുപത്രിയിലെത്തി വീണ്ടും ആക്രമിക്കുകയും ചെയ്തു.


തുടർന്ന് പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയം തേടിയ നോബിളിനെയും സഹോദരൻ നോയലിനെയും മാരകായുധങ്ങളുമായി പ്രതികൾ പിന്തുടർന്നെത്തി. ജീവൻ രക്ഷിക്കാനായി ഇരുവരും മുറിഞ്ഞപുഴയാറ്റിൽ ചാടിയെങ്കിലും പ്രതികൾ കരയിൽ നിന്ന് കല്ലെറിഞ്ഞ് ഇവരെ വെള്ളത്തിൽ താഴ്ത്തുകയായിരുന്നു.


കല്ലേറിൽ പരിക്കേറ്റ നോയൽ ആറ്റിൽ മുങ്ങിമരിച്ചു.പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട നോയലിന്റെ കുടുംബത്തിനും 50,000 രൂപ പരിക്കേറ്റ നോബിളിനും നൽകാൻ കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ കൂറുമാറിയ നാല് സാക്ഷികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. വിനോദ്ജി, ഗിരിജാ ബിജു എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home