print edition മുരാരി ബാബു 14 ദിവസം റിമാൻഡിൽ ; ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തട്ടിപ്പിന്

റിമാൻഡിലായ മുരാരി ബാബുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകുന്നു
ആർ രാജേഷ്
Published on Oct 24, 2025, 12:00 AM | 1 min read
പത്തനംതിട്ട
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് പ്രതി മുൻ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ ചങ്ങനാശേരി പെരുന്ന തെക്കേടത്ത് മുരാരി ബാബു (53) രേഖപ്പെടുത്തിയത് തട്ടിപ്പ് ലക്ഷ്യമിട്ട്. റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പ്രത്യേക അന്വേഷകസംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശബരിമല ശിൽപ്പപാളികളിലെയും കട്ടിളപ്പടികളിലെയും സ്വർണം നഷ്‌ടപ്പെട്ട കേസുകളിൽ ബുധനാഴ്‌ച അറസ്റ്റിലായ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്.
ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസറായിരുന്ന മുരാരി ബാബുവിന്, 1998ൽ ശിൽപ്പപാളികൾ സ്വർണം പൂശിയതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. തട്ടിപ്പിന് മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി. ക്ഷേത്രമുതൽ ദുരുപയോഗിക്കാൻ ഒത്താശചെയ്‌തതിലൂടെ ശബരിമല ക്ഷേത്രവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി. കേസിൽ വിശദമായ അന്വേഷണം വേണം.
അഴിമതി നിരോധന നിയമപ്രകാരം കുറ്റം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണം. പ്രതി സമൂഹത്തിൽ സ്വാധീനമുള്ളയാളാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ 29ന് പ്രൊഡക്‌ഷൻ വാറണ്ട് നൽകുമെന്നും എസ്ഐടി അറിയിച്ചു.
ബുധൻ രാത്രി പത്തോടെയാണ് പെരുന്നയിലെ വീട്ടിൽനിന്ന് മുരാരിയെ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരം ഈഞ്ചയ്‌ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിശദമായി ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനകൾക്കുശേഷം വ്യാഴം വൈകിട്ട് ആറോടെ മജിസ്‌ട്രേറ്റ് ആർ സി അരുൺകുമാറിന്റെ ചേംബറിലെത്തിച്ചു. തുടർന്ന് റിമാൻഡ്‌ചെയ്‌ത് കൊട്ടാരക്കര സബ് ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനുവേണ്ടി എപിപി അനിൽ ബാനു ഹാജരായി.









0 comments