print edition മുരളീധരന്റേത് കഴിവുകെട്ട ഭരണാധികാരിയുടെ രോദനം: ഡിവൈഎഫ്ഐ

തിരുവനന്തപുരം : ചികിത്സാ പിഴവുകൾ പരിശോധിക്കാൻ ഡിവൈഎഫ്ഐ ഭൂതക്കണ്ണാടിവച്ചു നോക്കുകയാണെന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവന കഴിവുകെട്ട ഭരണാധികാരിയുടെ രോദനം മാത്രമാണെന്ന് ഡിവൈഎഫ്ഐ. ആരോഗ്യമേഖല നാഥനില്ലാക്കളരിയായത് ഡിവൈഎഫ്ഐയുടെ കുഴപ്പമല്ല. നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്താനല്ലാതെ ഭരണരംഗത്ത് മന്ത്രിക്ക് ഇടപെടാൻ സാധിക്കുന്നില്ല. ഗുരുതരമായ ചികിത്സാ പിഴവുകൾ തുടർക്കഥയായി.
അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ചരിത്രത്തിലില്ലാത്ത വിധം ഉയർന്നു. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ല. ഇതിനിടയിൽ നിയമസാധുതയില്ലാത്ത സ്ഥാപനങ്ങളിൽനിന്നുപോലും മരുന്നുവാങ്ങാനുള്ള നീക്കങ്ങൾ നടക്കുകയാണ്. കല്ലെറിയാൻ എളുപ്പമാണ്, പത്തുവർഷം അതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരുന്നതെന്ന് തുറന്നുസമ്മതിച്ചയാളാണ് മുരളീധരൻ. ഭരണം വാചകമടിപോലെ എളുപ്പമല്ല.
ജനജീവിതത്തെ ബാധിക്കുന്ന ഏതുപ്രശ്നത്തിലും ഡിവൈഎഫ്ഐ പ്രതികരിക്കും. സാമൂഹിക വിഷയങ്ങളിൽ ഡിവൈഎഫ്ഐ പുലർത്തുന്ന സൂക്ഷ്മമായ ജാഗ്രതയെ പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. സ്വന്തം ഉത്തരവാദിത്വം നിർവഹിക്കാതെ വിദൂഷക വേഷംകെട്ടി ഡിവൈഎഫ്ഐയെ പരിഹസിക്കാനിറങ്ങുന്ന മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.









0 comments