ad
Deshabhimani

മൂന്നാറിൽ പുഴയിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കി; ഹോട്ടലിന് 50,000 രൂപ പിഴ; അടച്ചുപൂട്ടാൻ പഞ്ചായത്ത് നടപടി

Munnar.jpg
വെബ് ഡെസ്ക്

Published on Jan 17, 2026, 06:52 AM | 1 min read

മൂന്നാർ: പരിസ്ഥിതി ലോല പ്രദേശമായ മൂന്നാറിലെ ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടിയുമായി പഞ്ചായത്ത്. പഴയ മൂന്നാറിൽ പ്രവർത്തിക്കുന്ന വെസ്റ്റ് വുഡ് ഹോട്ടലിനാണ് മുതിരപ്പുഴയാറിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയതിന് 50,000 രൂപ പിഴ ചുമത്തിയത്.


ഹോട്ടൽ അടച്ചുപൂട്ടുന്നതിനുള്ള നിയമപരമായ നടപടികൾ ആരംഭിച്ചതായി മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രാത്രികാലങ്ങളിൽ മോട്ടോർ ഉപയോഗിച്ച് മാലിന്യം നേരിട്ട് പുഴയിലേക്ക് പമ്പ് ചെയ്യുന്ന രീതിയാണ് ഹോട്ടൽ അധികൃതർ സ്വീകരിച്ചിരുന്നത്.


കഴിഞ്ഞ ദിവസം രാത്രിയിൽ ഇത് ശ്രദ്ധയിൽപ്പെട്ട ഒരു വിനോദസഞ്ചാര വാഹനത്തിലെ ഡ്രൈവറാണ് നിയമലംഘനം കൈയ്യോടെ പിടികൂടിയത്. അദ്ദേഹം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പൊലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ച കണ്ടെത്തി.


മാലിന്യം തള്ളാൻ ഉപയോഗിച്ച മോട്ടറുകൾ പൊലീസ് പിടിച്ചെടുക്കുകയും ഹോട്ടലിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂന്നാറിന്റെ പ്രകൃതി ഭംഗിയും ജലസ്രോതസ്സുകളും നശിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും പരിശോധനകൾ ശക്തമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home