മുണ്ടത്തിക്കോട് വെടിക്കെട്ടപകടം
നടപടികൾ വേഗത്തിലാക്കും; മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും: മന്ത്രി വീണാ ജോർജ്

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിയമർന്നതിനാലും ചിന്നിച്ചിതറിയ നിലയിലായതിനാലും ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് തൃശൂർ മെഡിക്കൽ കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തിരിച്ചറിയൽ നടപടികൾക്കായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം ഉടൻ തൃശൂരിലെത്തും. മൃതദേഹങ്ങളിൽ നിന്നും ചിന്നിച്ചിതറി ലഭിച്ച ശരീരഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും. ഇതിനകം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കും. അപകടത്തിൽപ്പെട്ടവരെ തിരഞ്ഞെത്തുന്ന ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ മാച്ചിങ് നടത്തിയ ശേഷമാകും മൃതദേഹങ്ങൾ ഔദ്യോഗികമായി വിട്ടുനൽകുക. പരിശോധനാ ഫലം ലഭിക്കാൻ ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിൽ അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നു. മൂന്ന് മണിക്കൂറിലധികം സ്ഫോടനങ്ങൾ തുടർന്നതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. രാത്രി കലക്ടറുടെയും കമീഷണറുടെയും സാന്നിധ്യത്തിൽ പരിശോധന നടക്കുന്നതിനിടെ വീണ്ടും പൊട്ടിത്തെറിയുണ്ടായതും ആശങ്ക പരത്തി.
സ്ഫോടനം നടന്ന പ്രദേശത്ത് ഇന്ന് ഫോറൻസിക് സംഘം പരിശോധന നടത്തും. കടാവർ നായകളെ ഉപയോഗിച്ച് സ്ഥലത്ത് മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കും. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ 13 പേർ തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനിത (50), അഖിൽ (30), ഉദയകുമാർ (48), ഹരി (40), ബാബു (57), വിഷ്‌ണു (30), പ്രവീൺ (44), രാജേഷ് (40), സുഭദ്ര (68), ഭവാനി (65), സുന്ദരൻ (46), ബാബു (56), സതീഷ് (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ 10 പേർ ബേൺ ഐസിയുവിലാണ്.










0 comments