print edition മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; കരളുപൊള്ളിക്കുന്ന കാഴ്ചകൾ, വിറങ്ങലിച്ച് നാട്

അപകട വിവരമറിഞ്ഞ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയവർ.
ജിബിന സാഗരൻ
Published on Apr 22, 2026, 12:00 AM | 1 min read
തൃശൂര്‍ : ചിന്നിച്ചിതറിയ ശരീരങ്ങളുമായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഓരോ ആംബുലന്‍സ് എത്തുമ്പോഴും ഉയര്‍ന്നുകേട്ട വിലാപങ്ങളില്‍ നാട് വിറങ്ങലിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ സാക്ഷ്യം വഹിക്കുന്നത് കരളുപൊള്ളിക്കുന്ന കാഴ്ചയാണ്.
സൈറണ്‍ മുഴക്കി അതിവേഗമെത്തുന്ന ആംബുലന്‍സുകളും അതിനുള്ളില്‍ ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളും ഇറ്റിറ്റുവീഴുന്ന ചോരയും തടിച്ചുകൂടിയവരുടെയെല്ലാം ഉള്ളം പൊളിച്ചു. ഓരോ ആംബുലന്‍സ് എത്തുമ്പോഴും അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ പാകത്തില്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തയ്യാറായി നിന്നു. തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസുമെത്തി.
സ്ട്രച്ചറുകളിലും ചാക്കുകളിലുമായി പരിക്കേറ്റവരെയും ചിന്നിച്ചിതറിയവരെയും ആരോഗ്യപ്രവര്‍ത്തകര്‍ റെഡ് സോണിലേക്കെത്തിക്കുമ്പോള്‍ ആ കാഴ്ചകണ്ടുനില്‍ക്കാനാവാതെ പലരും മുഖം തിരിച്ചു. അപകട വിവരമറിഞ്ഞതോടെ ഉറ്റവര്‍ക്കെന്ത് സംഭവിച്ചെന്നറിയാന്‍ നിരവധിപേരാണ് ആശുപത്രിയിലേക്കെത്തിയത്. എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ ജീവനോടെ ഉണ്ടോയെന്ന സംശയമായിരുന്നു. പ്രാര്‍ഥനകളോടെ അവര്‍ ചുവന്ന ഇടനാഴിക്ക് മുന്നിലും ആശുപത്രിപരിസരത്തും ആശങ്കയോടെ നിന്നു.
ഓരോ ആംബുലൻസ് വരുമ്പോഴും അതിലുള്ളത് ആരെന്നറിയാന്‍ ഓടിയെത്തി. ചിന്നി ചിതറിയ ശരീരഭാഗങ്ങള്‍ കണ്ടതോടെ അവരില്‍ പലരും തളര്‍ന്നുവീണു. അപകടത്തില്‍പ്പെട്ടവരില്‍ ഉറ്റവരില്ലെന്ന് കണ്ടെത്തിയവര്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും ചുറ്റുമുള്ള കാഴ്ചകളില്‍ അവരും തളര്‍ന്നു. വര്‍ണവിസ്മയങ്ങള്‍ ഒരുക്കാന്‍ മുണ്ടത്തിക്കോടിന്റെ മണ്ണില്‍ പ്രയത്നിച്ചവരില്‍ പലരും ഒറ്റനിമിഷം കൊണ്ട് മെഡിക്കൽ കോളേജിന്റെ മോര്‍ച്ചറിയിലേക്കെത്തിയത് ജനത്തിന് തീരാവേദനയായി.










0 comments