മുണ്ടക്കൈ ടൗൺഷിപ് ; മാതൃകാവീടിന്റെ നിർമാണം ആരംഭിച്ചു


അജ്‌നാസ് അഹമ്മദ്
Published on Apr 17, 2025, 12:17 AM | 1 min read
കൽപ്പറ്റ : ഉരുൾ ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ഒരുങ്ങുന്ന മുണ്ടക്കൈ ടൗൺഷിപ്പിലെ ആദ്യവീടിന്റെ നിർമാണം ആരംഭിച്ചു. മാതൃകാവീടായാണിത് നിർമിക്കുന്നത്. ബുധനാഴ്‌ച തറയുടെ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുത്ത് അഞ്ചാം ദിവസംതന്നെ തറയുടെ കോൺക്രീറ്റ് ആരംഭിക്കാനായി.
‘ഫ്രെയ്‌മ്‌ഡ് സ്‌ട്രക്‌ച്ചർ’ നിർമാണമാണ് വീടുകളുടേത്. 1000 ചതുരശ്ര അടിയിൽ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന കെട്ടിടങ്ങളാണ് ഉയരുന്നത്. ഭാവിയിൽ രണ്ടുനിലയാക്കാൻ കഴിയുന്ന അടിത്തറയുണ്ട്. കോൺക്രീറ്റ് തൂണുകൾക്കിടയിൽ ‘ഫ്ലൈ ആഷ് കട്ട’ ഉപയോഗിച്ചാണ് ചുവരുകൾ കെട്ടുക. ഒരു ക്ലസ്റ്ററിൽ 20 വീടുകൾ എന്ന നിലയിലാണ് നിർമാണം. ഇരുപതോളം ക്ലസ്‌റ്ററുകളുണ്ടാകും. മുഴുവൻ പണിയും പൂർത്തിയാക്കി 70 ദിവസത്തിനുള്ളിൽ മാതൃകാവീട് പ്രദർശിപ്പിക്കും. ഗുണഭോക്താക്കൾക്ക് പരിശോധിക്കാനായാണിത്. മുഴുവൻ വീടുകളും നവംബറിനുള്ളിൽ കൈമാറാനാണ് ശ്രമം.
വീടുകളുടെ പ്രവൃത്തിയോടൊപ്പം റോഡ് നിർമാണവും ആരംഭിക്കും. 12 മീറ്റർ പ്രധാന റോഡും ക്ലസ്റ്ററുകളിലേക്കും പൊതുകെട്ടിടങ്ങളിലേക്കുമുള്ള ഉപറോഡുകളും ജിപിഎസ് ഉപയോഗിച്ച് സർവേ നടത്തി അടയാളപ്പെടുത്തി. വ്യാഴാഴ്‌ച നിർമാണം ആരംഭിക്കും. റോഡും വീടും യാഥാർഥ്യമായ ശേഷമാണ് പൊതുകെട്ടിടങ്ങളുടെ നിർമാണത്തിലേക്ക് കടക്കുക.









0 comments