മുണ്ടക്കൈ പുനരധിവാസം
ഇത് കുഞ്ഞുങ്ങളുടെ സർക്കാർ


അജ്‌നാസ് അഹമ്മദ്
Published on Apr 02, 2026, 12:32 PM | 2 min read
കൽപ്പറ്റ : ‘മുണ്ടക്കൈയിലെയും ചൂരൽമലയിലെയും കുട്ടികളെ ചേർത്തുപിടിക്കാൻ സർക്കാർ എന്ത് ചെയ്‌തു? ദുരന്തബാധിതരുടെ കണ്ണീർ ചൂണ്ടിക്കാട്ടി ജനങ്ങളിൽനിന്ന് പണം പിരിച്ച് തട്ടാൻ കെപിസിസിക്ക് നേതൃത്വം നൽകിയ അന്നത്തെ വർക്കിങ് പ്രസിഡന്റായിരുന്ന ടി സിദ്ദിഖ് സ്ഥാനാർഥി പര്യടനത്തിനെത്തി മൈക്കുകെട്ടി ചോദിക്കുകയാണ്. രക്ഷിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് 41 ലക്ഷം രൂപയിലധികം പണമായി ഉറപ്പാക്കിയ സർക്കാരിനോട് കൽപ്പറ്റയുടെ സിറ്റിങ് എംഎൽഎയുടെ ചോദ്യമാണിത്. സർക്കാർ നടപടികൾ എന്താണെന്നുപോലും മനസ്സിലാക്കാതെയാണ് എംഎൽഎയുടെ ചോദ്യം.
രക്ഷിതാക്കളിൽ ഒരാൾ നഷ്‌ടമായ കുട്ടികൾക്ക് 15 ലക്ഷം രൂപയും രണ്ടുപേരും നഷ്ടമായവർക്ക് 41 ലക്ഷം രൂപയിലധികവും സർക്കാർ കൈമാറി. ടൗൺഷിപ്പിലെ വീടിനുപുറമെ നൽകിയ തുകയാണിത്. നുണയുടെ പര്യായമായ പ്രതിപക്ഷ നേതാവിന്റെ യഥാർഥ അനുയായിയാണ് താനെന്ന് അടിവരയിടുകയാണ് ടി സിദ്ദിഖ്. ദുരന്തബാധിതരായ ബിരുദ വിദ്യാർഥികൾക്ക് ചില സ്വകാര്യ സ്ഥാപനങ്ങൾ നൽകിയ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിന്റെ (സിഎസ്‌ആർ) പിതൃത്വം ഏറ്റെടുത്താണ് സിദ്ദിഖ് വ്യാജ പ്രതീതി സൃഷ്‌ടിക്കുന്നത്.
ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്‌മായ 18 വയസിന് തായെുള്ള 21 പേരാണുണ്ടായിരുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ സർക്കാർ ഇവർക്ക് തണലൊരുക്കി. അച്ഛനും അമ്മയും നഷ്‌ടപ്പെട്ട ഏഴ് കുട്ടികളും ഒരാൾ നഷ്‌ടമായ 14 പേരും. ഇതിൽ രണ്ടുപേർ ഇതര സംസ്ഥാനക്കാരുമാണ്. വനിതാ ശിശു വികസന വകുപ്പ് 10 ലക്ഷം രൂപ, പഠന സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 10 ലക്ഷം രൂപ, സ്‌പോൺസർഷിപ്പിലൂടെ നൽകിയ അഞ്ച് ലക്ഷം, മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന എട്ടുലക്ഷം വീതം 16 ലക്ഷം രൂപ എന്നിങ്ങനെയാണ് രക്ഷിതാക്കളിൽ രണ്ടുപേരും നഷ്‌ടമായവർക്ക് കൈമാറിയത്.
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെയും കുട്ടിയുടെയും സംയുക്ത അക്കൗണ്ടിലാണ് വനിതാ ശിശു വികസന വകുപ്പ് നൽകിയ 10 ലക്ഷം. രക്ഷിതാക്കളിൽ ഒരാൾ നഷ്‌ടമായവർക്ക് അഞ്ചുലക്ഷമാണ് വനിതാ ശിശുവികസന വകുപ്പ് നൽകിയത്. കലക്ടറുടെ പേരിൽ കുട്ടികളെ നോമിനികളാക്കിയാണ് പഠന സഹായമായ 10 ലക്ഷം നിക്ഷേപിച്ചിരിക്കുന്നത്. 18 വയസ് പൂർത്തിയായാൽ കുട്ടികൾക്ക് തുക പിൻവലിക്കാം. മാസംതോറും പലിശയും ലഭിക്കുന്നുണ്ട്. ഇതിനുപുറമെ എല്ലാമാസവും 4000 രൂപ വീതം സ്‌കോളർഷിപ്പും നൽകുന്നു. സർക്കാർ നൽകുന്ന വാടകയ്‌ക്കും കുടുംബങ്ങൾക്കുള്ള ജീവനോപാധിക്കും പുറമെയാണ് ഇൗ തുക കെമാറിയത്.
ദുരന്തത്തിൽ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയും മുണ്ടക്കൈ ഗവ. എൽപി സ്‌കൂളും തകർന്നു. യുദ്ധകാലവേഗത്തിലാണ് മേപ്പാടിയിൽ ബദൽ സംവിധാനം ഒരുക്കി അധ്യയനം പുനരാരംഭിച്ചത്. പാഠപുസ്‌തകങ്ങളും പഠനോപകരണങ്ങളുമെല്ലാം പുതുതായി നൽകിയായിരുന്നു പ്രവേശനോത്സവം. വിദ്യാർഥികൾ മേപ്പാടിയിൽ പഠനം തുടരുകയാണ്. ദുരന്തത്തിൽ തകർന്ന സ്‌കൂളുകൾക്കുപകരം വിദ്യാലയങ്ങൾ നിർമിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
രക്ഷിതാക്കളിൽ ഇരുവരും നഷ്‌ടമായ കുട്ടിക്ക് ലഭിച്ച സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (പഠന സഹായം)– 10 ലക്ഷം
വനിതാ ശിശു വികസന വകുപ്പ്– 10 ലക്ഷം
സ്‌പോൺസർഷിപ്പ് തുക– 5 ലക്ഷം
മരിച്ചവരുടെ ആശ്രിതർക്കുള്ള തുക– 16 ലക്ഷം
സ്‌കോളർഷിപ്പ്– 4000 രൂപ (എല്ലാമാസവും)
രക്ഷിതാക്കളിൽ ഒരാൾ നഷ്‌ടമായ കുട്ടിക്ക് ലഭിച്ച സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (പഠന സഹായം)– 10 ലക്ഷം
വനിതാ ശിശു വികസന വകുപ്പ്– 5 ലക്ഷം
സ്‌കോളർഷിപ്പ്– 4000 രൂപ (എല്ലാ മാസവും)










0 comments