ad
Deshabhimani

ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ്‌ പൂർത്തിയായി

print edition ഇതാണ്‌ എന്റെ വീട്‌ ; എന്തൊരു ഭംഗിയാണ്‌ , പുഞ്ചിരിമട്ടത്തെ വീടിനെക്കാൾ രസമുണ്ട്‌.

house

മുണ്ടക്കെെ ടൗൺഷിപ്പിൽ നറുക്കെടുപ്പിൽ ലഭിച്ച വീട് 
കാണാൻ ചെറിയച്ഛൻ പ്രദീപിനൊപ്പം എത്തിയ അവന്തിക. ദുരന്തത്തിൽ അവന്തികയ്ക്ക് അച്ഛനും അമ്മയും ചേട്ടനും 
നഷ്ടമായിരുന്നു / ഫോട്ടോ: ബിനുരാജ്

avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Feb 21, 2026, 02:57 AM | 1 min read


കൽപ്പറ്റ

‘ഇതാണ്‌ എന്റെ വീട്‌. എന്തൊരു ഭംഗിയാണ്‌. പുഞ്ചിരിമട്ടത്തെ വീടിനെക്കാൾ രസമുണ്ട്‌. സ്‌കൂളിലെ കൂട്ടുകാരോടെല്ലാം എനിക്ക്‌ വീടുകിട്ടിയ സന്തോഷം പറയണം. പാർക്കും ഗ്ര‍ൗണ്ടുമെല്ലാം ഉണ്ടാകുമെന്ന്‌ ചെറിയച്ഛൻ പറഞ്ഞു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ വാടക വീട്ടിൽനിന്നും ഞങ്ങളിനി ഇങ്ങോട്ടുവരും’ –മുണ്ടക്കൈ–ചൂരൽമല ഉരുൾദുരന്തത്തിൽ മാതാപിതാക്കളും ജ്യേഷ്‌ഠനും നഷ്‌ടമായ ഒമ്പത്‌ വയസ്സുകാരി അവന്തികയുടെ വാക്കുകളിലെ അതേ സന്തോഷമാണ്‌ ഉരുൾ അതിജീവിതരായ ഓരോ കുടുംബത്തിനും. ട‍ൗൺഷിപ്പിലെ ഒന്നാംഘട്ട ഗുണഭോക്താക്കളുടെ വീടുകൾ ഏതൊക്കെയെന്ന്‌ നിശ്ചയിക്കാൻ മേപ്പാടിയിൽ മന്ത്രി ഒ ആർ കേളുവിന്റെ നേതൃത്വത്തിൽ നടത്തിയ നറുക്കെടുപ്പിനുശേഷം വീടുകാണാൻ കുടുംബങ്ങൾ കൽപ്പറ്റയിലെ ട‍ൗൺഷിപ്പിലെത്തി.


‘പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ഞങ്ങളെ കാണാനെത്തി. കൂടെയുണ്ടാകുമെന്ന്‌ പറഞ്ഞ്‌ വഞ്ചിച്ചു. വാക്കുപാലിച്ചത്‌ സംസ്ഥാന സർക്കാർ മാത്രം. മാതാപിതാക്കളില്ലാതായ ഞങ്ങളുടെ മോൾ അടക്കമുള്ള കുഞ്ഞുങ്ങളും വീടിന്റെ ഉടമസ്ഥരാണിന്ന്‌’ അവന്തികയോടൊപ്പം ട‍ൗൺഷിപ്പിലെത്തിയ ചെറിയച്ഛൻ പ്രദീപിന്റെ വാക്കുകളിൽ ചേർത്തുനിർത്തിയവരോടുള്ള നന്ദിയുണ്ട്‌. വീണ്ടും ഗൃഹനാഥരായി, ഭൂമിയുടെ അവകാശികളായെത്തിയ ആദ്യപട്ടികയിലെ 178 കുടുംബങ്ങൾക്കും സർക്കാരിന്റെ കരുതലിലുള്ള സന്തോഷമാണ്‌ പങ്കുവയ്‌ക്കാനുള്ളത്‌.


വീടിന്റെ ഗുണമേന്മയിൽ ഗുണഭോക്താക്കളെല്ലാവരും സംതൃപ്‌തർ. ഒന്നാം സോണിൽ നിർമാണം പൂർത്തിയായ 115 വീട്‌, മൂന്നാം സോണിലെ 30, നാലാം സോണിലെ 33 വീട്‌ എന്നിങ്ങനെയാണ്‌ ആദ്യപട്ടികയിലുള്ളവർക്ക്‌ നൽകിയത്‌. മൂന്ന് ഡിജിറ്റുകളിലായി സോണ്‍, ക്ലസ്റ്റര്‍, പ്ലോട്ട് നമ്പര്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകൾ ഗുണഭോക്താക്കള്‍ തെരഞ്ഞെടുത്തു. ആദ്യഘട്ടത്തില്‍ കൈമാറിയ വീടിന്റെയും ഏഴ് സെന്റിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് കൈമാറി.


വൈദ്യുതി, കുടിവെള്ളം, പട്ടയം, ഉടമസ്ഥാവകാശം തുടങ്ങിയവയ്‌ക്കായി പ്രത്യേക കൗണ്ടര്‍ സജ്ജമാക്കിയിരുന്നു. ഇവയുടെ ഫീസ്‌ സ‍ൗജന്യം. വൈദ്യുതി-, കുടിവെള്ള കണക്‌ഷനുകൾക്കുള്ള മൂന്നുമാസത്തെ തുക സര്‍ക്കാര്‍ വഹിക്കും. ആദ്യഘട്ട വിതരണത്തിന്‌ സജ്ജമായ വീടുകൾക്ക്‌ പുറമെയുള്ള 232 വീടിന്റെ പ്രവൃത്തിയും ട‍ൗൺഷിപ്പിൽ പുരോഗമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home