print edition മുണ്ടക്കൈ ടൗൺഷിപ്: കൂടുതൽ കുടുംബങ്ങൾ താമസത്തിന്

കൽപ്പറ്റ:
മുണ്ടക്കൈ, ചൂരൽമല ഉരുൾ അതിജീവിതർക്കായി എൽഡിഎഫ് സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിൽ തിങ്കളാഴ്‌ച മുതൽ കൂടുതൽ കുടുംബങ്ങൾ താമസത്തിനെത്തും. ടൗൺഷിപ്പിലെ ഒന്നാം സോണിലെ കെ ടി ഷൗക്കത്തലിയും കുടുംബവും മൂന്നാം സോണിലെ കയത്തിൽ ജിജീഷും അമ്മ തങ്കയുമാണ് തിങ്കളാഴ്‌ച പുതിയ വീട്ടിലേക്ക് താമസം മാറുന്നത്.
ടൗൺഷിപ്പിന്റെ ഉദ്‌ഘാടനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയവും ഉടമസ്ഥാവകാശവും കൈമാറാനെത്തിയപ്പോൾ സന്ദർശിച്ച വീടാണ് ഷൗക്കത്തിന്റേത്. ഭാര്യ സക്കീന, മകൻ നിയാസ് എന്നിവരാണ് കുടുംബാംഗങ്ങൾ. മൂന്നാം സോണിലെ ‘ബി’ ക്ലസ്റ്ററിലെ 205–ാം വീടാണ് ജിജീഷിന് ലഭിച്ചത്. ദുരന്തത്തിൽ ഇളയ മകൻ സുമേഷിനെ നഷ്‌ടപ്പെട്ട ദുഃഖത്തെ അതിജീവിച്ചാണ് അമ്മയും ജിജീഷും ടൗൺഷിപ്പിൽ പുതുജീവിതം ആരംഭിക്കുന്നത്. ഒന്നാംഘട്ടത്തിലെ 178 വീടും താമസത്തിന് കൈമാറിയതോടെ സ്‌കൂൾ തുറക്കും മുമ്പ് കൂടുതൽ കുടുംബങ്ങൾ താമസത്തിനെത്തും. കുട്ടികളെ കൽപ്പറ്റയിലെ സ്‌കൂളുകളിലേക്ക് മാറ്റി ചേർക്കുന്നുണ്ട്. ബലി പെരുന്നാൾ ടൗൺഷിപ്പിൽ ആഘോഷിക്കണമെന്ന് ആഗ്രഹിച്ചും കുടുംബങ്ങൾ വേഗത്തിൽ ഗൃഹപ്രവേശം നിശ്ചയിക്കുന്നുണ്ട്. മഴക്കാലത്തിന് മുമ്പ് ഭൂരിഭാഗം കുടുംബവും താമസം മാറാനുള്ള ഒരുക്കത്തിലാണ്.










0 comments