മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ്: വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ വീടുള്ളവരുടെ കരട് പട്ടികയായി


സ്വന്തം ലേഖകൻ
Published on Feb 24, 2025, 12:00 AM | 2 min read
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ കരട് ഗുണഭോക്തൃ പട്ടികയിലെ എ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കരട് എ ലിസ്റ്റിൽ 81 കുടുംബങ്ങളാണുള്ളത്. ആദ്യഘട്ട പട്ടികയും രണ്ടാംഘട്ട കരടിലെ എ ലിസ്റ്റും പ്രകാരം 323 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. ദുരന്തബാധിതരുടെ പരാതികൾ സ്വീകരിച്ച് ആക്ഷേപം പരിഹരിച്ചശേഷം ഗുണഭോക്താക്കളുടെ അന്തിമ എണ്ണം നിശ്ചയിക്കും.
രണ്ട് ലിസ്റ്റുകളായാണ് രണ്ടാംഘട്ട പട്ടിക. വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) ഇടങ്ങളിൽ വീടുള്ളവരെയാണ് എ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വീട് വാസയോഗ്യമായ (ഗോ സോൺ) സ്ഥലത്താണെങ്കിലും എത്തിപ്പെടാനുള്ള വഴി വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലൂടെയുള്ളവർ ബി ലിസ്റ്റിലാണ്. ബി ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരുടെ മാനദണ്ഡം എന്തൊക്കെയെന്നതിൽ ജില്ലാഭരണ സംവിധാനം സർക്കാരിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വ്യക്തത ലഭിച്ച ഉടൻ ബി ലിസ്റ്റിന്റെ കരടും പ്രസിദ്ധീകരിക്കും. താമസസ്ഥലം പൂർണമായും നഷ്‌ടമായി മറ്റെവിടെയും വീടില്ലാത്തവരായിരുന്നു ഒന്നാംഘട്ട പട്ടികയിൽ.
മുണ്ടക്കൈ വാർഡിലെ 11 കുടുംബങ്ങൾ, ചൂരൽമല വാർഡിലെ 12, അട്ടമല വാർഡിലെ 10 കുടുംബങ്ങൾ എന്നിങ്ങനെയാണ് കരട് എ ലിസ്റ്റിലെ ഗുണഭോക്താക്കൾ. കരട് പട്ടികയിലെ ആക്ഷേപം അറിയിക്കാൻ പത്തുദിവസം സമയമുണ്ട്.
കരടിലെ ആക്ഷേപങ്ങളും പരാതികളുമെല്ലാം പരിഹരിച്ചായിരുന്നു 242 കുടുംബങ്ങളെ ഉൾപ്പെടുത്തി എട്ടാം തീയതി ആദ്യപട്ടിക പുറത്തെത്തിയത്. മുണ്ടക്കൈ വാർഡിലെ 83 കുടുംബങ്ങളും ചൂരൽമല വാർഡിലെ 108 കുടുംബങ്ങളും അട്ടമല വാർഡിലെ 51 കുടുംബങ്ങളുമായിരുന്നു ആദ്യഘട്ട പട്ടികയിയിൽ.
മാർച്ച് ആദ്യവാരത്തിൽ ഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ച് ടൗൺഷിപ്പ് നിർമാണത്തിലേക്ക് കടക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ടൗൺഷിപ്പിൽ താൽപ്പര്യമില്ലാത്ത പട്ടികയിലുള്ള കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും.
ദുരന്തബാധിതരുടെ കൈകളിലെത്തിച്ചത് 24.76 കോടി
കൽപ്പറ്റ : മുണ്ടക്കൈ–-ചൂരൽമല പുനരധിവാസത്തിന് നയാപൈസ അനുവദിക്കാതെ കേന്ദ്രം കടുത്ത അവഗണന തുടരുമ്പോഴും ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ ഇതുവരെ നൽകിയത് 24.76 കോടി രൂപയുടെ സഹായം. കൽപ്പറ്റയിലും നെടുമ്പാലയിലും ടൗൺഷിപ്പിനായുള്ള ഒരുക്കം വേഗത്തിലാക്കുന്നതിന് പുറമെയാണ് ഈ ധനസഹായം. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമെല്ലാം വിനിയോഗിച്ച തുകയ്‌ക്ക് പുറമെയാണിത്.
മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്‌ടപരിഹാരം, പരിക്കേറ്റവർക്കും കിടപ്പുരോഗികൾക്കുമുള്ള ചികിത്സാസഹായം, മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നൽകിയ തുക, ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണംചെയ്‌ത അടിയന്തര സഹായം, ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ദിവസം 300 രൂപവീതം നൽകുന്ന ജീവനോപാധി, വീട്ടുവാടക എന്നിവയ്‌ക്കായാണ് 24.76 കോടി രൂപ നൽകിയത്.
മരിച്ചവരുടെ ആശ്രിതർക്ക് എട്ട് ലക്ഷംരൂപ വച്ച് 14.72 കോടിരൂപ ഇതുവരെ നൽകി. പരിക്കേറ്റ് ചികിത്സയിലുള്ള 34 പേർക്കായി 21.59 ലക്ഷം രൂപ സഹായമെത്തിച്ചു. കിടപ്പുരോഗികളായ 33 പേർക്കായി 8.9 ലക്ഷം രൂപ നൽകി. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ 10,000 രൂപ വീതം 174 പേരുടെ കുടുംബത്തിന് നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 1034 കുടുംബങ്ങൾക്ക് 10,000 രൂപ വീതവും നൽകിയിരുന്നു.
ജീവനോപാധി നഷ്‌ടമായ 2188 പേർക്കാണ് ദിവസം മുന്നൂറുരൂപ വീതം നൽകിയത്. ദുരന്തബാധിതർക്ക് 5.88 കോടി രൂപ ഈയിനത്തിൽ എത്തിച്ചു. ജീവനോപാധി ഒമ്പത് മാസത്തേക്കുകൂടി നൽകാനാണ് സർക്കാർ തീരുമാനം. വാടകയിനത്തിൽ ജനുവരി വരെ 2.80 കോടി രൂപയാണ് നൽകിയത്. ടൗൺഷിപ്പിലേക്ക് മാറ്റി പാർപ്പിക്കുന്നതുവരെ വീടിന്റെ വാടകയും നൽകും.










0 comments