കൈമാറ്റം നിർമാണം തുടങ്ങി 320–ാം ദിവസം ടൗൺഷിപ്പിൽ 11.42 കിലോമീറ്റർ റോഡ് വീടുകൾക്കുമുന്നിൽ പൂന്തോട്ടം
print edition പടുത്തുയർത്തി നാമൊന്നായ്

വയനാട് മുണ്ടക്കൈ അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്‌ഘാടനത്തിനെത്തിയ ജനങ്ങൾ വീടുകൾക്കുമുന്നിൽ ആഹ്ലാദം പങ്കിടുന്നു

അജ്‌നാസ് അഹമ്മദ്
Published on Mar 02, 2026, 04:05 AM | 1 min read
കൽപ്പറ്റ
കരളുറപ്പിന്റെ കരുത്തിൽതീർത്ത അതിജീവന അത്ഭുതം. മനുഷ്യസ്‌നേഹത്തിന്റെ മഹാമാതൃക. 298 പ്രാണൻ ഓർമയിലേക്ക് ഒഴുക്കിവിട്ട ഉരുൾപാച്ചിലിൽ ചിന്നിച്ചിതറിയ മുണ്ടക്കൈ–ചൂരൽമല അതിജീവിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ നിർമിച്ച ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഞായർ പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. കൺമുന്നിലൂടെ ഉറ്റവരുടെ മൃതദേഹങ്ങൾ ഒഴുകിയൊലിക്കുന്നത് കാണേണ്ടിവന്നവർ സ്വപ്‌നം കണ്ടതിലും അപ്പുറമുള്ള പുനരധിവാസത്തിന്റെ ലോകമാതൃകയാണ് സർക്കാർ ഒരുക്കിയത്. ഉള്ളുപൊട്ടിയ മഹാദുരന്തംകണ്ട ലോകം ഉയിർപ്പിനും സാക്ഷിയായി.
പ്രധാനമന്ത്രി ആശുപത്രിയിലെത്തി സഹായവാഗ്‌ദാനം നൽകി വഞ്ചിച്ച, ഉരുളിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട നാലുവയസ്സുകാരി നൈസമോളുമായി കളിചിരി പങ്കുവച്ചാണ് മുണ്ടക്കൈയിലേയും ചൂരൽമലയിലേയും മനുഷ്യർക്കൊപ്പം എല്ലാ കാലവും ഒരുമിച്ചുണ്ടാകുമെന്ന ഉറപ്പിന്റെ പട്ടയം മുഖ്യമന്ത്രി കൈമാറിയത്. ഉരുൾചെളിയിൽ പൂണ്ട് ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി തിരിച്ചുവന്ന അഞ്ചാം ക്ലാസുകാരൻ അവ്യക്തിന് ആദ്യപട്ടയം നൽകി. മൂന്നുമക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പതുപേരെ നഷ്‌ടമായി ഒറ്റപ്പെട്ട മാധവിയമ്മയ്‌ക്ക് പട്ടയം കൈമാറിയപ്പോൾ അമ്മയുടെ ആനന്ദക്കണ്ണീർ മുഖ്യമന്ത്രിയുടെ മിഴികളിലേക്കും പടർന്നു. രക്ഷാപ്രവർത്തനകാലം മുതൽ കണ്ണിലെ കൃഷ്‌ണമണി പോലെകാത്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അതിജീവിതർ വാരിപ്പുണർന്നു. ടൗൺഷിപ്പിൽ കെഎസ്‌എഫ്‌ഇയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിർമിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്‌സ് കോംപ്ലക്‌സിന്റെ തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിച്ചു.
ആഹ്വാനങ്ങളില്ലാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മനുഷ്യസ്‌നേഹികളടക്കം മലായാളനാടാകെ ചരിത്രോദ്‌ഘാടനത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായി. സർക്കാർ വിലകൊടുത്ത് വാങ്ങിയ 64.42 ഹെക്‌ടർ സ്ഥലം നിയമക്കുരുക്കഴിച്ച് നിർമാണം ആരംഭിച്ച് 320–ാം ദിവസമാണ് വീട് കൈമാറിയത്. വീട്‌പൂർണമായും നഷ്ടപ്പെട്ട ഒന്നാം പട്ടികയിലെ കുടുംബങ്ങൾ വീടും പട്ടയവും ഏറ്റുവാങ്ങി. അഞ്ചുസോണിലായി 410 വീടാണ് നിർമിക്കുന്നത്.
മന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രിമാരായ ഒ ആർ കേളു, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എംഎൽഎമാരായ ടി പി രാമകൃഷ്‌ണൻ, അഹമ്മദ് ദേവർകോവിൽ, ടി സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.










0 comments