print edition മുണ്ടക്കൈ ടൗൺഷിപ്: വീടുകൾ കൈമാറിത്തുടങ്ങി

കൽപ്പറ്റ: കണ്ണീരോർമകൾക്ക് വിട നൽകി പുത്തൻ നാളെയ്‌ക്കുള്ള ചുവടുവയ്പിനൊരുങ്ങി മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർ. സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിലെ വീടുകൾ ചൊവ്വാഴ്ചയോടെ കൈമാറിത്തുടങ്ങി. മൂന്നാംഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയ വീടുകളിൽ ഗുണഭോക്താക്കൾ ഇനി പുതുജീവിതം തുടങ്ങും.
സോൺ മൂന്നിൽ ക്ലസ്‌റ്റർ ‘എ’യിലെ ഏഴ് വീടുകളിൽ കരാർ കന്പനി ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈാറ്റിയും സർക്കാരിന്റെ സാങ്കേതിക വിഭാഗമായ കിഫ്‌കോണിന്റെ എൻജിനിയർമാരും ടൗൺഷിപ് ഗുണഭോക്താക്കളും ചേർന്ന് പരിശോധന നടത്തി. പൂർണ സംതൃപ്‌തിയാണെന്ന് ഗുണഭോക്താക്കൾ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന നടത്തി വീടുകൾ കൈമാറും. താമസിച്ച് തുടങ്ങുന്പോൾ മഹസർ തയ്യാറാക്കും.
നേരത്തെ പട്ടയം നൽകിയ 178 വീടുകളിൽ താമസം തുടങ്ങുന്നതിന് മുന്നോടിയായുള്ള അവസാന പരിശോധനയാണ് നടത്തുന്നത്. നിർമാണ രീതി, വീടുകളുടെ പ്രത്യേകത, ഉപയോഗിച്ച വസ്‌തുക്കളുടെ ഗുണന്മേ എന്നിവ ഗുണഭോക്താക്കൾക്ക് വിവരിക്കും. സംശയനിവാരണങ്ങളും വരുത്തും. 178 വീടുകളിലും വെള്ളവും വൈദ്യുതിയുമെത്തി.
നൂറ്റന്പതോളം വീടുകൾ പൂർണമായും സജ്ജമാണ്. അവശേഷിക്കുന്നവയുടെ മിനുക്ക് പണി പുരോഗമിക്കുന്നു.
നിലം ഒരുക്കുന്നത് മുതൽ ആരംഭിച്ച 58 ഗുണമേന്മ പരിശോധനയ്‌ക്ക് ശേഷമാണ് ഗുണഭോക്താക്കൾക്കൊപ്പമുള്ള പരിശോധന. 178 വീടുകളിലേക്കുമുള്ള മലിനജല സംസ്‌ക്കരണ സംവിധാനവും പൂർത്തിയായി. 10 ബയോ സ്വീവേജ് ട്രീന്റ്‌മെന്റ് പ്ലാന്റിൽ (എസ്‌ടിപി) ആദ്യഘട്ട വീടുകൾക്ക് ആവശ്യമായ ആറെണ്ണമാണ് സജ്ജമായത്. വീടുകൾക്ക് അഞ്ചുവർഷം വാറന്റിയുണ്ട്.










0 comments