നീലിക്കാപ്പിൽ ഉയരും മുണ്ടക്കൈ എൽപി സ്‌കൂൾ

കൽപ്പറ്റ: ഉരുളിൽ തകർന്ന മുണ്ടക്കൈ എൽപി സ്‌കൂൾ ചൂരൽമലയ്‌ക്ക് സമീപം നീലിക്കാപ്പിൽ നിർമിക്കും. നാലുകോടി രൂപയുടെ കെട്ടിട നിർമാണത്തിന് ഭരണാനുമതിയായി. രണ്ടുനിലകളിലായി 10,170.92 ചതുരശ്ര അടിയിൽ ആധുനിക കെട്ടിടമാണ് ഉയരുക. പൊതുമരാമത്ത് കെട്ടിടനിർമാണ വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി. സ്‌കൂളിനോട് ചേർന്ന് ആധുനിക അങ്കണവാടി, വില്ലേജ് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം എന്നിവയുമുണ്ടാകും.
വെള്ളാർമല ഹൈസ്‌കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയും പുനർനിർമിക്കും. ഇതിനായി എട്ടുകോടി രൂപ വകയിരുത്തിട്ടുണ്ട്. ഭൂമി കണ്ടെത്തിയാൽ ഉടൻ കെട്ടിടനിർമാണത്തിന് ഭരണാനുമതി നൽകും. പഞ്ചായത്ത് സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വെള്ളാർമല സ്‌കൂളിലെ കുട്ടികൾക്കായി മേപ്പാടി ഹയർ സെക്കൻഡറി കെട്ടിടത്തിലെ രണ്ടാംനിലയിൽ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എട്ട് ക്ലാസ് മുറികൾ നിർമിച്ചിരുന്നു. രണ്ട് സ്‌കൂളിലുമായി 43 വിദ്യാർഥികളെയാണ് ഉരുളെടുത്തത്. ദുരന്തമുണ്ടായി 35 ദിവസത്തിനുള്ളിൽ മേപ്പാടി സ്‌കൂളിൽ വെള്ളാർമല സ്‌കൂളിന്റെയും മേപ്പാടി എപിജെ ഹാളിൽ മുണ്ടക്കൈ എൽപി സ്‌കൂളിന്റെയും പുനഃപ്രവേശനോത്സവം നടത്തി സർക്കാർ പഠനം ഉറപ്പാക്കിയിരുന്നു. വെള്ളാർമല സ്‌കൂളിൽ 546ഉം മുണ്ടക്കൈ സ്‌കൂളിൽ 61 ഉം വിദ്യാർഥികളാണുള്ളത്.








0 comments