മൾട്ടിപ്ലക്‌സ് തിയറ്ററുകളിലെ നിരക്കുവർധന: ഹർജിയിൽ നിലപാട് തേടി

കൊച്ചി : മൾട്ടിപ്ലക്‌സ് തിയറ്ററുകളിൽ ടിക്കറ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നത് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. തിരക്ക് കൂടുമ്പോൾ നിരക്ക് വർധിപ്പിക്കുന്നതായി കോട്ടയം സ്വദേശി മനു നായർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. സിനിമ റിലീസ് ചെയ്യുന്ന സമയത്താണ് നിരക്ക് കൂട്ടുന്നതെന്നും കേരള സിനിമാസ് റഗുലേഷൻ നിയമത്തിന്റെ ലംഘനമാണിതെന്നും ഹർജിയിൽ പറയുന്നു. നിലവിൽ ഇത്തരത്തിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് വിലക്കാൻ സംവിധാനമില്ലെന്നും ഹർജിയിൽ പറയുന്നു.
അധികനിരക്ക് ഈടാക്കുന്നത് തമിഴ്‌നാട്, കർണാടകം, ആന്ധ്ര സർക്കാരുകളും മദ്രാസ് ഹൈക്കോടതിയും വിലക്കിയിട്ടുണ്ട്. വിനോദമെന്ന നിലയ്ക്ക് എല്ലാവർക്കും താങ്ങാനാകുന്ന നിരക്ക് ഈടാക്കണമെന്നാണ് അവിടങ്ങളിലെ നയമെന്നും വിനോദോപാധിയെന്ന നിലയിൽ സിനിമ കാണാനുള്ള ചെലവ് എല്ലാവർക്കും താങ്ങാൻ കഴിയുന്നതാകണമെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.








0 comments