ad
Deshabhimani

print edition എംഎസ്‌സി ഗ്ര‍ൂപ്പ്‌ 49 ശതമാനം ഓഹരി എടുക്കും; വിഴിഞ്ഞത്ത് 13,000 കോടിയുടെ നിക്ഷേപം

vizhinjam
വെബ് ഡെസ്ക്

Published on Jul 01, 2026, 01:55 AM | 1 min read

തിരുവനന്തപുരം : രാജ്യത്ത് തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം വിഴിഞ്ഞത്തേക്ക്. 13,000 കോടി രൂപയുടെ നിക്ഷേപമാണ്‌ വരുന്നത്‌. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎൽ) 49 ശതമാനം ഓഹരികൾ ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എംഎസ്‍സി) വാങ്ങുന്നതോടെയാണിത്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയ മുൻ എൽഡിഎഫ്‌ സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയം കൂടിയാണ് വിദേശ നിക്ഷേപം. സര്‍ക്കാര്‍ നടത്തിയ വിഴിഞ്ഞം കോൺക്ലേവിൽ എംഎസ്‍സി പ്രതിനിധികൾ പങ്കെടുത്തിരുന്നു.


യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ പദ്ധതി 2045ല്‍ പൂര്‍ണമാക്കാനായിരുന്നു വ്യവസ്ഥ. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് കരാറിലെ വ്യവസ്ഥ മാറ്റി പദ്ധതി പൂര്‍ത്തീകരണം 17 വര്‍ഷം നേരത്തെയാക്കി 2028ല്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാൻ വ്യവസ്ഥയാക്കിയത്. സംസ്ഥാന സര്‍ക്കാരിന് വരുമാനം പങ്കിടല്‍ നേരത്തെയാക്കി. അതിന് സഹായകരമാകുന്നതാണ് വിദേശ നിക്ഷേപ ധാരണ. എവിപിപിഎല്ലിന് 285 കോടി ഡോളർ (ഏകദേശം 27,000 കോടി രൂപ) മൂല്യം കണക്കാക്കി 139.7 കോടി ഡോളറിനാണ് (ഏകദേശം 13,220കോടി) എംഎസ്‍സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ) ഓഹരി ഏറ്റെടുക്കുക.


ഇതുസംബന്ധിച്ച്‌ അദാനി പോർട്സും എംഎസ്‌സി ഗ്രൂപ്പും ധാരണയായി. ഇനി കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കണം. 2024 ഡിസംബറിൽ വാണിജ്യ പ്രവർത്തനം തുടങ്ങിയ വിഴിഞ്ഞത്തിന്റെ കണ്ടെയ്നർ കൈകാര്യശേഷി നിലവിൽ 16 ലക്ഷം ടിഇയു(ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റ്‌) ആണ്. 2028 ഡിസംബറിൽ രണ്ടാം വികസനം പൂർത്തിയാകുന്നതോടെ ഇത് 57 ലക്ഷം ടിഇയു ആകും. വിഴിഞ്ഞത്ത് കൂടുതൽ കണ്ടെയ്നറുകൾ എത്താനും പശ്ചാത്തല വികസനം മികച്ചതാക്കാനും എംഎസ്‍സിയുമായുള്ള സഹകരണം വഴിവയ്‌ക്കും. ആഗോള വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ എംഎസ്‌സിയുമായുള്ള സഹകരണം സഹായിക്കുമെന്ന്‌ അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home