print edition എംഎസ്‌സി എൽസ കപ്പലപകടം: ജീവനക്കാരുടെ ഹർജിയിൽ റിപ്പോർട്ട് തേടി

കൊച്ചി: അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ ഏഴുജീവനക്കാർ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതി തേടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തോപ്പുംപടി മജിസ്ട്രേട്ട് കോടതിയിൽനിന്ന് റിപ്പോർട്ട് തേടി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് നിർദേശം. കപ്പൽ മുങ്ങിയതിൽ മർച്ചന്റ് ഷിപ്പിങ് നിയമപ്രകാരം അന്വേഷണത്തിനായി മജിസ്ട്രേട്ട് കോടതിയിൽ കഴിഞ്ഞ സെപ്‌തംബറിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പി ശ്രീകുമാർ അറിയിച്ചതിനെ തുടർന്നാണിത്. സ്വീകരിച്ച നടപടിയും അന്വേഷണം വൈകുന്നതിന്റെ കാരണവും അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ലഭിച്ചതു മുതലുള്ള കോടതിരേഖകൾ ഹാജരാക്കണം.
കപ്പലിന്റെ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടർ അടക്കമുള്ളവരാണ് ഹർജിക്കാർ. നാട്ടിലേക്കു മടങ്ങാൻ പാസ്‌പോർട്ടടക്കം മടക്കിനൽകണമെന്നാണ് ആവശ്യം. റഷ്യ, ഉക്രയ്‌ൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് ജീവനക്കാർ. ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർചെയ്ത ക്രിമിനൽക്കേസിൽ ഒരുവർഷമായി നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 2025 മെയ് 25നാണ് കേരളതീരത്തുനിന്ന് 14 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എൽസ മുങ്ങിയത്.











0 comments