സ്റ്റോപ്പ് മെമ്മോ ചീറ്റി; നഗരചത്വര പുനർനിർമാണം തുടരും

നഗരചത്വരം സന്ദർശിച്ച് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തുന്ന എൽഡിഎഫ് കൗൺസിലർമാർ
ആലപ്പുഴ
നഗരചത്വരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ"കഥയറിയാതെ ആട്ടം കാണുന്ന പോലെ’ ഏഴുമാസം നോക്കിനിന്ന ആലപ്പുഴ നഗരസഭ കരാർകമ്പനിക്ക് നൽകാൻ തയ്യാറാക്കിയ "സ്റ്റോപ് മെമ്മോ’ നനഞ്ഞ പടക്കമായി. കരാറുകാരൻ "തങ്ങളെ വന്നു കണ്ടില്ലെന്ന കാരണത്താലായിരുന്നത്രെ സ്റ്റോപ്പ് മെമ്മോ തയ്യാറാക്കി മാധ്യമങ്ങളിലൂടെ അറിയിച്ചത്. ടൂറിസം വകുപ്പ് നടത്തുന്ന നിർമാണങ്ങൾ നിർത്തിവയ്‌പിക്കാൻ നഗരസഭയ്ക്ക് അധികാരമുണ്ടോ എന്ന നിയമപ്രശ്നവും നിലനിൽക്കെയാണ് സ്റ്റോപ്പ് മെമ്മോയുമായി ചൊവ്വ രാവിലെ നഗരസഭാ പ്രതിനിധികൾ ടൂറിസം സെക്രട്ടറിയെ കണ്ടത്. കോമഡി ആസ്വദിച്ച ശേഷം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി നഗരസഭാപ്രതിനിധികളെ ടുറിസം സെക്രട്ടറി മടക്കി അയക്കുകയായിരുന്നു. എ ഡി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചില കൗൺസിലർമാരും കോൺഗ്രസ് നേതാക്കളും യോഗം ചേർന്നാണ് നഗരചത്വര പുനരുദ്ധാരണം നിർത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിച്ചതെന്നതാണ് വിചിത്രം ! എൽഡിഎഫ് സർക്കാർ ബജറ്റിൽ മൂന്നരകോടി രൂപ വകയിരുത്തിയാണ് നഗര ചത്വരം പുനരുദ്ധരിക്കാൻ തീരുമാനിച്ചത്. ഓപ്പൺ ഓഡിറ്റോറിയമടക്കം നവീകരിക്കുക, ഓഡിറ്റോറിയത്തിന്റെ സ്‌റ്റേജ്, മേൽക്കൂര തുടങ്ങിയവ പുതുക്കി നിർമിക്കുക, ഡൈനിങ് ഹാൾ ഉൾപ്പെടെ നിർമിച്ച് സ്വകാര്യ ചടങ്ങുകൾക്കുകൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ നവീകരിക്കുക എന്നിവയാണ് പദ്ധതി. പൂർത്തിയാകുന്നതോടെ നഗരചത്വരം മുഴുവൻ മേൽക്കൂരയ്‌ക്ക് കീഴിലാകും. കുട്ടികളുടെ പാർക്കും ആധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കുന്നതും പദ്ധതിയിലുണ്ട്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് കരാറെടുത്ത നിർമാണ ജോലികൾ റാന്നിയിലെ ലോറ കൺസ്ട്രക്ഷൻ കമ്പനി ഉപകരാർ ഏറ്റെടുത്താണ് നിർമാണം.











0 comments