print edition വിലയിടിക്കാൻ എംആർഎഫിന്റെ റബർ ഇറക്കുമതി

കോട്ടയം: രാജ്യത്ത് വിലയിടിയുമ്പോഴും റബർ ഇറക്കുമതിചെയ്ത് ടയർ കമ്പനിയായ എംആർഎഫ്. കഴിഞ്ഞദിവസം ആഫ്രിക്കയിൽനിന്ന് 1,500 ടൺ സ്വാഭാവിക റബർ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. ആഭ്യന്തര വിപണിയിൽനിന്ന് വിട്ടുനിന്ന് റബർവിലയിടിക്കുന്ന ടയർ കമ്പനികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഭീമമായ ഇറക്കുമതി.
നവംബർ ആദ്യം 300 രൂപയിൽ എത്തിയ റബർ (ആർഎസ്എസ് 4) മൂന്നാഴ്ച കൊണ്ട് വിലയിടിഞ്ഞ് 270രൂപയിലെത്തി. പ്രധാനകാരണം അനിയന്ത്രിതമായ ഇറക്കുമതിയാണ്. ഐവറി കോസ്റ്റിൽനിന്നാണ് എംഎസ്‌സി ബിയാട്രിസ് എന്ന കപ്പലിൽ 60 കണ്ടെയ്നറിലായി 1,500 ടൺ സ്വാഭാവിക റബർ എത്തിച്ചത്. റബറിന് കുറഞ്ഞ ഉൽപ്പാദനച്ചെലവുള്ള രാജ്യങ്ങളിലൊന്നാണ് ഐവറി കോസ്റ്റ്.
ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാകാത്തതുകൊണ്ടും ചുങ്കം കൂട്ടാത്തതുകൊണ്ടും ടയർ കമ്പനികൾ ഇറക്കുമതി തുടരുകയാണ്. കേന്ദ്രസർക്കാരും ഇവർക്ക് കൂട്ടുനിൽക്കുന്നു. മനോരമ കുടുംബത്തിന്റെ എംആർഎഫ് അടക്കമുള്ള ടയർ കമ്പനികളിൽനിന്ന് ബിജെപി ഇലക്ടറൽ ബോണ്ട് കൈപ്പറ്റിയതിന്റെ രേഖകൾ പുറത്തുവന്നിരുന്നു.
വിദേശ രാജ്യങ്ങളിലെ ഉൽപ്പാദനമാന്ദ്യവും ചരക്കുനീക്കത്തിലെ തടസ്സവുമാണ് ഇന്ത്യയിൽ റബറിന് വില വർധിപ്പിച്ചത്. എന്നാൽ, മികച്ച വില പ്രതീക്ഷിച്ച് കേരളത്തിലടക്കം റബർ ഉൽപ്പാദനം കൂട്ടിയിരുന്നു. പക്ഷേ ടയർ കമ്പനികൾ ആഭ്യന്തര വിപണി ഉപേക്ഷിച്ച് ഇറക്കുമതി റബറിലേക്ക് തിരിഞ്ഞു. ടാപ്പിങ് മുടങ്ങിക്കിടന്ന തോട്ടങ്ങളിൽപ്പോലും മികച്ച വില പ്രതീക്ഷിച്ച് ടാപ്പിങ് തുടങ്ങിയി രുന്നു.









0 comments