Deshabhimani

പാരീസിലെ ശവക്കല്ലറയും, കാലടിയിലെ ശവസംസ്ക്കാരവും; ഭരണകൂടത്തിനെതിരെ ജയിക്കുന്ന വിദ്യാർഥികൾ

kaladi sfi
avatar
പി ടി രാഹേഷ്

Published on Nov 24, 2026, 12:30 AM | 3 min read

ലോകത്തെമ്പാടും ഭരണകൂടത്തിന്റെ അനീതികൾക്കും അസമത്വങ്ങൾക്കെതിരെ പൊരുതി ജയിക്കുകയാണ് ജെൻസികൾ. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ എല്ലാ വൻകരകളിലും ഭരണകൂടങ്ങൾ ആടിയുലയുകയാണ്. 'ദേ ഡോണ്ട് റിയലി കെയർ എബൗട്ട് അസ്' എന്ന 1996ൽ മൈക്കിൾ ജാക്സൺ എഴുതിയ പോപ്പ് സംഗീതത്തിലെ വരികൾ ഫ്രാൻസിലെ പാരീസിലും, ഇന്ത്യയിലെ ഡൽഹിയിലും വിദ്യാർഥികൾ ഒരുപോലെ ഉയർത്തിപ്പിടിക്കുകയാണ്. ബെഞ്ചും ഡെസ്ക്കും ഇല്ലാത്ത തകർന്നുവീഴാറായ വിദ്യാലയങ്ങൾ, അദ്ധ്യാപകക്ഷാമം, തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ തുടങ്ങിയ അടിസ്ഥാനപരമായ സൗകര്യങ്ങൾക്ക് വേണ്ടിയാണ് സ്കൂളുകളിൽ സമരം നടക്കുന്നത്. ഇമ്മാനുവൽ മാക്രോൺ സർക്കാർ ബജറ്റിൽ വിദ്യാഭ്യാസ ചെലവ് വെട്ടിക്കുറച്ചതിനെതിരെ രണ്ടര ലക്ഷത്തോളം വിദ്യാർഥികൾ സമരത്തിൽ പങ്കെടുത്തു. ആറായിരം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. പതിനഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെ കൈ അറ്റു പോയി. രക്ഷിതാക്കളും തൊഴിലാളികളും സമരത്തിനൊപ്പം ചേർന്നു. കുതിച്ചുയരുന്ന ജീവിത ചെലവിനും തകരുന്ന പൊതു സേവനങ്ങൾക്കുമെതിരെയുള്ള സമരമായി ഫ്രാൻസിലെ ജനരോഷം വളർന്നു. സെപ്റ്റംബർ പകുതിയോടെ മെച്ചപ്പെട്ട പഠന സൗകര്യങ്ങൾ ആവശ്യപ്പെട്ട് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ആരംഭിച്ച ഈ സമരം പിന്നീട് വിലക്കയറ്റം, പൊതു സേവനങ്ങളുടെ ദൗർലഭ്യം, പോലീസിന്റെ അതിക്രമങ്ങൾ എന്നിവയ്ക്കെതിരായുള്ള രാജ്യവ്യാപക പ്രക്ഷോഭമായി പടർന്നു. പൊതുസേവന മേഖലകളുടെ തകർച്ചയെ പ്രതീകാത്മകമായി ചിത്രീകരിച്ച് 'ശവക്കല്ലറ മാതൃകകൾ' നിർമ്മിച്ചാണ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തും വരെ തെരുവ് വിടില്ലെന്ന പ്രഖ്യാപനവുമായി തൊഴിലാളികളും വിദ്യാർത്ഥികളും ചേർന്ന് നടത്തുന്ന സമരം തുടരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും, തീയറ്റർ വിഭാഗത്തിലെ ലൈറ്റിംഗ് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കണമെന്നും, അധ്യാപകക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കാലടി സർവകലാശാലയിൽ ശവസംസ്കാര മാതൃകയിലുള്ള നാടകം കളിച്ചാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്.


സമരത്തെ സർഗാത്മകമാക്കുന്ന ഇത്തരം മാതൃകകൾ ലോകത്തെമ്പാടും പലതവണ ആവർത്തിക്കപ്പെട്ടതാണ്. ഭരണകൂടത്തെയും, അധികാരി വർഗ്ഗത്തെയും ഈ സമര മാതൃകകൾ പ്രകോപിതരാക്കുമെന്നത് സ്വാഭാവികമാണ്. കാലടിയിലെ തീയേറ്റർ വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചേ' എന്ന നാടകം സർവ്വകലാശാല വൈസ് ചാൻസർ സിസ തോമസ് തൻ്റെ ശവസംസ്കാരമായി വളച്ചൊടിച്ചു. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ സിസ തോമസിൻ്റെ ശവമഞ്ചം തന്നെയാണെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചു. വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികളുമായാണ് ഇവർ പിന്നീട് മുന്നോട്ടു പോയത്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും, പരീക്ഷയെഴുതാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. സഹനസമരത്തിലൂടെയാണ് വിദ്യാർത്ഥികൾ ഇതിനെതിരെ പോരാടിയത്. കേരളത്തിലെ പ്രബുദ്ധരായ ജനത ഈ സമരത്തോടൊപ്പം ചേർന്നുനിന്നു. വർഗീയവാദികൾക്ക് കീഴ്പ്പെട്ട സർവ്വകലാശാലയും, സംസ്ഥാന സർക്കാറും വിദ്യാർത്ഥികളോട് മാപ്പു പറയാൻ പറഞ്ഞപ്പോൾ കേരളം ഒരുമിച്ചു പറഞ്ഞു 'മാപ്പുമില്ല, ഒരു കോപ്പുമില്ല'. സസ്പെൻഷൻ റദ്ദാക്കുകയും, അച്ചടക്കസമിതിയുടെ റിപ്പോർട്ട് തള്ളുകയും, പ്രത്യേക പരീക്ഷ നടത്തണം എന്നാവശ്യപ്പെടുകയുമാണ് ഹൈക്കോടതി ചെയ്തത്. വിദ്യാർത്ഥികളോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട വിസിയും, ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരളത്തോട് മാപ്പു പറയുകയാണ് ഇനി വേണ്ടത്. ഇതോടൊപ്പം തന്നെ ലോകത്താകെ ഭരണകൂടങ്ങളെ വിറപ്പിക്കുന്ന വിദ്യാർത്ഥിസമരകളുടെ വർത്തമാനകാല അനുഭവങ്ങൾ പഠിക്കാൻ തയ്യാറാവുകയും വേണം.


'നിങ്ങളുടെ യുദ്ധങ്ങൾക്ക് ഞങ്ങളെ കിട്ടില്ല' എന്ന മുദ്രാവാക്യം ഉയർത്തി ജർമ്മനിയിൽ നിർബന്ധിത സൈനിക സേവനത്തിനത്തിനെതിരെ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കുകയാണ്. ബെൽജിയത്തിൽ വിദ്യാഭ്യാസ ചെലവിനെതിരെ വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ്. അമേരിക്കയിലെ കോർനൽ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്ത ക്രിമിനൽ വിദ്യാർത്ഥികളെ സംരക്ഷിക്കുകയും, പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർഥിനിയെ പുറത്താക്കുകയും ചെയ്തതിനെതിരെ സമരം നടക്കുകയാണ്. 'അച്ഛനും വേണ്ട മകനും വേണ്ട' എന്ന മുദ്രാവാക്യം ഉയർത്തി റിയോ ഡീ ജനീറോ തെരുവിൽ നടന്ന വിദ്യാർത്ഥി സമരമാണ് 'ബ്രസീൽ ആരുടെയും അടുക്കളപ്പുറമല്ല' എന്നു പ്രഖ്യാപിച്ചുകൊണ്ട് ലുലയെ വീണ്ടും അധികാരത്തിൽ എത്തിക്കാനുള്ള പ്രധാന കാരണം. ചിലിയിൽ ഹൊസേ അൻ്റോണിയോ കാസ്റ്റ് ബജറ്റിൽ വിദ്യാഭ്യാസ വിഹിതം വെട്ടി കുറച്ചതിനെതിരെ സാന്തിയാഗോ കൊട്ടാരത്തിലേക്കാണ് വിദ്യാർഥികൾ മാർച്ച് സംഘടിപ്പിച്ചത്. സ്പെയിനിൽ വാടക ചൂഷണത്തിനെതിരെ സമരം നടക്കുകയാണ്. സെർബിയയിൽ വിദ്യാർത്ഥികൾ നയിക്കുന്ന പ്രതിപക്ഷ കൂട്ടായ്മ 'സ്റ്റുഡൻറ് ലിസ്റ്റ്' അധികാരം പിടിച്ചതും ഇക്കാലത്ത് തന്നെയാണെന്ന് നാം മറക്കരുത്. പരീക്ഷാക്രമകേടിനെതിരെ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം എന്നു പറഞ്ഞുകൊണ്ട് ആരംഭിച്ച ഡൽഹിയിലെ സമരം ഇന്ന് വോട്ട് കൊള്ളക്കെതിരായ പ്രക്ഷോഭമായി വളർത്തിയതും വിദ്യാർത്ഥികൾ തന്നെയാണ്. ലോകത്തെമ്പാടും വിദ്യാർത്ഥികളുടെ സമരം ചൂഷണത്തിനെതിരെയാണ്.


പാരീസ് വിപ്ലവത്തിന് തുടക്കം കുറിച്ച 1968ലെ സെർബോൺ സർവ്വകലാശാലയിലെ സമരവും, വിയറ്റ്നാം യുദ്ധത്തിനെതിരെ കൊളംബിയ സർവ്വകലാശാലയിലെ സമരവും വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ ഉജ്വല ചരിത്രങ്ങളാണ്. നന്നായി പഠിച്ചാൽ നന്നായി ജീവിക്കാനാവുമെന്ന ഉപദേശമല്ല, പഠനവും പോരാട്ടവും ഒരുമിച്ച് നടത്തിയാണ് മുന്നേറണമെന്ന ചരിത്ര ബോധമാണ് വിദ്യാർത്ഥികളെ നയിക്കുന്നത്. 'ഓരോ തലമുറയും അവരവരുടെ സമരങ്ങളെ കെട്ടിപ്പടുക്കും' എന്ന പ്രബീർ പുർകായസ്തയുടെ നിരീക്ഷണം വർത്തമാനകാല വിദ്യാർത്ഥി സമരങ്ങളിലൂടെ ശരി വെക്കുകയാണ് ചെയ്യുന്നത്. ഓരോ തലമുറയും അതാതു കാലത്തെ ചൂഷണങ്ങളെ തിരിച്ചറിയുകയും, അതിനെതിരെ പൊരുതുകയും ചെയ്യുമ്പോഴാണ് ലോകം കൂടുതൽ മനോഹരമാവുക. തൊഴിലാളികളും കർഷകരുമടക്കമുള്ള ബഹുജനങ്ങളെ വിശ്വാസത്തിലെടുത്ത്, ചൂഷകരുടെയും, അധികാരികളുടെയും ശവക്കല്ലറകൾ പണിയുകയും, ശവസംസ്കാരം നടത്തുകയും ചെയ്തുകൊണ്ട് അതാതു കാലത്തെ തലമുറകൾ മുന്നോട്ടു കുതിക്കും.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi sfi

01

print edition വിജയ കാലടി
SDADA

02

print edition കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം
fertilizer

03

print edition വളം സബ്‌സിഡി: കർഷകരെ ആപ്പിലാക്കി കേന്ദ്രം
sabarimala

04

print edition ദേവസ്വം ബോർഡിന് കത്ത്: വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ തേടി പൊലീസ്
uih

05

print edition കളി കാണാം റഫറിയുടെ കണ്ണിൽ
deshabhimani section

Recommended

Deshabhimani
Home