print edition വിജയ കാലടി

പി വി ബിന്ദു
Published on Nov 24, 2026, 12:45 AM | 2 min read
കൊച്ചി: കാലടി സംസ്-കൃത സർവകലാശാലയിൽ സംഘപരിവാറിന്റെയും യുഡിഎഫ് സർക്കാരിന്റെയും വിദ്യാർഥി വേട്ടയ്‌ക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. അടിസ്ഥാന ആവശ്യങ്ങളുന്നയിച്ച് സമരംചെയ്-ത 16 വിദ്യാർഥികളെ സസ്-പെൻഡ്ചെയ്-ത സംഘപരിവാർ നോമിനിയായ താൽക്കാലിക വി സി സിസ തോമസിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. സർവകലാശാല വാദങ്ങളെല്ലാം തള്ളിയ കോടതി, വിദ്യാർഥികൾക്ക് പരീക്ഷ എഴുതാമെന്ന് വ്യക്തമാക്കി. സിൻഡിക്കറ്റ് അന്വേഷണസമിതി റിപ്പോർട്ടും മറ്റ് ശിക്ഷാനടപടികളും റദ്ദാക്കി. വിദ്യാർഥികൾക്ക് ക്ലാസിൽ കയറാം. 10 പേർക്ക് സർവകലാശാല ആറാഴ്-ചയ്‌ക്കകം പ്രത്യേക പരീക്ഷ നടത്തണം. റിസർച്ച് സ്‌കോളർമാരായ മറ്റ് ആറുപേരുടെ ഭാവി പരീക്ഷ തടസ്സപ്പെടുത്തരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്-ണൻ ഉത്തരവിട്ടു.
സിൻഡിക്കറ്റ് സമിതിയുടെ അന്വേഷണം ഏകപക്ഷീയമാണെന്നും സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹൈക്കോടതി വിലയിരുത്തി. പ്രതിഷേധിക്കാനുള്ള അവകാശം ശിക്ഷാനടപടിയിലൂടെ ഇല്ലാതാക്കരുത്. നടപടിക്രമം പാലിച്ച് ആവശ്യമെങ്കിൽ, പുതിയ അന്വേഷണം നടത്താം. എന്നാൽ, വീണ്ടും സസ്-പെൻഡ് ചെയ്യരുത്. പരീക്ഷ നിഷേധിക്കരുത്. കുറ്റക്കാരെന്നു തെളിഞ്ഞാൽ 84 ദിവസത്തെ സസ്‌പെൻഷൻ കാലയളവ് കണക്കിലെടുക്കണം. ഹൈക്കോടതി നിർദേശിച്ചാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല സുപ്രീംകോടതിയിൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എസ്‌എഫ്‌ഐ പ്രവർത്തകരായ പി എസ് അർച്ചന, കെ വി അഭിജിത്ത്, എം എസ് ശിവകുമാർ, റിതിഷ ഋതു, പി എം അശ്വന്ത്, എം ആശ്രിത, ലിബിൻ മാത്യു, കെ ശ്യാംജിത്, അനഘ വി നായർ, ജിഷ്-ണു സുരേഷ്, കെ എൽ അതുല്യ, ഡോണ മരിയ, സി പി ശ്രദ്ധ, ആർ അരുണിമ, എം ഫസ്-ന, കെ പി വിസ്-മയ എന്നിവർ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. വിദ്യാർഥികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ കെ ഗോപാലകൃഷ്-ണക്കുറുപ്പ്, ടി എ ഷാജി, അഭിഭാഷകന്‍ പി ജി പ്രമോദ് എന്നിവർ ഹാജരായി.
കുടിവെള്ളം, അധ്യാപകർ, സ്‌പോട്ട്‌ലൈറ്റുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെയാണ് സർവകലാശാലാ അധികാരികൾ തെറ്റായി വ്യാഖ്യാനിച്ച് പ്രതികാരമനോഭാവത്തോടെ നേരിട്ടത്. വിസിയെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു സസ്‌പെൻഷൻ. ഇതിനെതിരെയായിരുന്നു എസ്‌എഫ്‌ഐയുടെ നിരാഹാരസമരവും നിയമപോരാട്ടവും.
അന്വേഷണം ഏകപക്ഷീയം
സിൻഡിക്കറ്റ് അന്വേഷണസമിതി പരിധി ലംഘിച്ചതായി ഹൈക്കോടതി വിലയിരുത്തി. കുറ്റം എന്തെന്നുപോലും അറിയാതെയാണ് വിദ്യാർഥികൾ ഹിയറിങിൽ പങ്കെടുത്തത്. കൃത്യമായ നോട്ടീസ് നൽകിയില്ല. സാക്ഷികളുടെ മൊഴിയെടുത്തത് ഹർജിക്കാരുടെ സാന്നിധ്യത്തിലല്ല. വിസിയെ ഓൺലൈനായി വിസ്-തരിച്ചപ്പോഴും വിദ്യാർഥികളെ വിളിപ്പിച്ചില്ല. ആഗസ്‌ത് 13-ലെ സമരത്തെതുടർന്നുള്ള സംഭവം അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചത്. എന്നാൽ, പിആർഒ ജലീഷ് പീറ്റർ, ഡോ. വി കെ ഭവാനി, കെഎസ്‌യു യൂണിറ്റ് സെക്രട്ടറി എന്നിവരുടെ പരാതികൾ വിദ്യാർഥികളോട് വിശദീകരണം തേടാതെ പരിഗണിച്ചു. ഇതും തെറ്റാണെന്ന് കോടതി പറഞ്ഞു.








0 comments