print edition ടി പത്മനാഭന്റെ ജന്മദിനാഘോഷവും സമ്പൂർണകൃതികളുടെ പ്രകാശനവും

പെരിങ്ങോം: മലയാള ചെറുകഥയുടെ കുലപതി ടി പത്മനാഭന് 97-ാം പിറന്നാൾ. പിറന്നാൾ ആഘോഷവും ടി പത്മനാഭന്റെ സമ്പൂർണ കൃതികളുടെ പ്രകാശനവും പോത്താംകണ്ടം ആനന്ദഭവനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാമി കൃഷ്ണാനന്ദ ഭാരതി അധ്യക്ഷനായി. സംവിധായകൻ കമൽ, എം സ്വരാജ്, മുഹമ്മദ് അനീസ് എന്നിവർ സംസാരിച്ചു.
മലയാളത്തിന് മറക്കാൻ കഴിയാത്ത ഭാഷാ സംഭാവന ചെയ്ത ടി പത്മനാഭൻ മലയാളികളുടെ ഭാഷാശൈലിയുടെ കഥ പറയുന്ന തലതൊട്ടപ്പനാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇപ്പോഴും പേനകൊണ്ട് കഥയെഴുതുന്ന ടി പത്മനാഭൻ മലയാളത്തിന്റെ പരിശുദ്ധിയുള്ള അക്ഷരങ്ങളാണെന്ന് സംവിധായകൻ കമൽ പറഞ്ഞു.
മനുഷ്യനെപ്പോലെയാണ് മൃഗങ്ങളും ചെടികളും എന്ന വീക്ഷണത്തോടെ ഈ മഹാപ്രപഞ്ചത്തിലെ സർവചരാചരങ്ങളും ഒരേ ഭാവത്തോടെ ചിത്രീകരിക്കാൻ കഴിയുന്ന മലയാള കഥയുടെ ഋഷിവര്യനാണ് ടി പത്മനാഭനെന്ന് എം സ്വരാജ് അഭിപ്രായപ്പെട്ടു.
ബിസ്മില്ലാഖാന്റെ ഓർമ്മകളെ പോലും ഇല്ലാതാക്കുന്ന ഒരു നാട്ടിൽ ജീവിക്കാൻ താല്പര്യമില്ലെന്നും അതേസമയം പരസഹായമില്ലാത്ത ഒരു ഹിന്ദു സ്ത്രീയെ അവരുടെ ആചാരപ്രകാരം മരണാനന്തര ക്രിയകൾ ചെയ്ത മുസ്ലിം ചെറുപ്പക്കാരുടെ നിസ്വാർത്ഥത പ്രചോദനവും ആണെന്ന് മറുപടി പ്രസംഗത്തിൽ ടി പത്മനാഭൻ പറഞ്ഞു. ടി പത്മനാഭന്റെ സമ്പൂർണ കഥകൾ സംവിധായകൻ കമൽ എം സ്വരാജിന് നൽകി പ്രകാശിപ്പിച്ചു.








0 comments