print edition കളി കാണാം റഫറിയുടെ കണ്ണിൽ


അജിൻ ജി രാജ്
Published on Nov 24, 2026, 12:45 AM | 1 min read
കോഴിക്കോട്: ഇന്ത്യയിലെ ഒന്നാംനിര ലീഗായ ഐഎസ്‌എല്ലിനെ വെല്ലുന്ന സാങ്കേതിക വിദ്യകളാണ് കേരളത്തിലെ മൈതാനങ്ങളിൽ. കളിയുടെ എല്ലാ നിമിഷങ്ങളും ഒപ്പിയെടുക്കുന്ന ‘റഫ് ക്യാം’ സംവിധാനവുമായി സൂപ്പർ ലീഗ് കേരളയും സൂപ്പറാകുന്നു.
പത്തോളം മത്സരങ്ങളിൽ റഫ് ക്യാമിന്റെ സാനിധ്യമുണ്ടായിരുന്നു. ഓസ്‌ട്രേലിയൻ ലീഗ് കഴിഞ്ഞാൽ ഏഷ്യയിൽ മറ്റെങ്ങും ഇൗ സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല. ഇതിനിടെ സെമിയിലും ഫൈനലിലും ‘ഫുട്‌ബോൾ വീഡിയോ സപ്പോർട്ടും’ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സൂപ്പർ ലീഗ് സംഘാടകർ.
റഫറിമാർക്ക് റഫ് ക്യാം
കഴിഞ്ഞ ഫുട്‌ബോൾ ലോകകപ്പിൽ ചെവിയിലും കുപ്പായത്തിലും ക്യാമറ ഘടിപ്പിച്ച് കളം നിറഞ്ഞ റഫറിമാരെ ഓർമയില്ലേ? റഫറി ക്യാമറയെയാണ് ചുരുക്കി ‘റഫ് ക്യാം’ എന്ന് വിളിക്കുന്നത്. സംഗതി സിമ്പിളാണ്. റഫറിമാരുടെ ശരീരത്തിൽ ക്യാമറ ഘടിപ്പിക്കും. അത് മത്സരത്തിലെ എല്ലാ നിമിഷങ്ങളും പകർത്തും. ശബ്ദവും കേൾക്കാം.
മൈതാനത്തുനിന്ന് തത്സമയ കാഴ്‌ചകൾ ആരാധകരിലെത്തിക്കാനും റഫറിമാരുടെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കാനുമാണ് ഫിഫ ഇൗ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായാൽ മത്സരശേഷം അത് വിശദമായി പരിശോധിക്കാനും സഹായിക്കുന്നു. ഒപ്പം അച്ചടക്കം നിലനിർത്താനും സൗഹൃദ അന്തരീക്ഷം ഉറപ്പിക്കാനും സഹായിക്കും. റഫ് ക്യാം വഴി റഫറിമാരുടെ പ്രകടനവും വിലയിരുത്തും.
ആദ്യം ഇംഗ്ലണ്ടിൽ
ഇംഗ്ലീഷുകാരൻ ജറേഡ് ഗില്ലെറ്റാണ് ശരീരത്തിൽ ക്യാമറ പതിപ്പിച്ച് മത്സരം നിയന്ത്രിച്ച ആദ്യ റഫറി. 2024 മെയിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്–ക്രിസ്റ്റൽ പാലസ് മത്സരത്തിലായിരുന്നു ഇത്. 2025ൽ രാജ്യാന്തര ഫുട്‌ബോൾ അസോസിയേഷൻ സമിതി (ഐഎഫ്‌എബി) ഫിഫ ക്ലബ് ലോകകപ്പിൽ ക്യാമറ ഉപയോഗിക്കാൻ ഒൗദ്യേഗിക അനുമതി നൽകി. പിന്നാലെ 2026 ലോകപ്പിലെ എല്ലാ മത്സരങ്ങളിലും ഇതുപയോഗിച്ചു.
14 ഗ്രാമോളം ഭാരമുള്ള ക്യാമറയാണ്. ഉയർന്ന നിലവാരത്തിലുള്ള ദൃശ്യവും ശബ്‌ദവും സമ്മാനിക്കും. റഫറിയും കളിക്കാരും തമ്മിലുള്ള സംഭാഷണങ്ങളെല്ലാം വ്യക്തമായി കേൾക്കാൻ കഴിയും. പ്രീമിയർ ലീഗ്, ജർമൻ ലീഗ്, ഓസ്‌ട്രേലിയൻ ലീഗ്, അമേരിക്കൻ വനിതാ ലീഗ്, ഓസ്‌ട്രേലിയൻ ലീഗ് തുടങ്ങിയ ചുരുക്കം ലീഗുകളിലാണ് റഫ് ക്യാം നിലവിലുള്ളത്.








0 comments