ശബരിമല സ്വർണക്കൊള്ള
നെടുംപറമ്പിൽ ഫിനാൻസ് ഉടമയിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്; സമ്മതിച്ച് ആന്റോ ആന്റണി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമ എൻ എം രാജുവിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് ആന്റോ ആന്റണി എംപി. തെരഞ്ഞെടുപ്പ് കാലത്താണ് പണം വാങ്ങിയതെന്ന് പറഞ്ഞ എംപി ഇലക്ഷൻ സമയത്ത് നൽകിയ പണം സഹായമാണെന്നാണ് കരുതിയതെന്നും പറഞ്ഞു. വാങ്ങിയ പണം മുഴുവനായി തിരികെ നൽകിയിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും എംപി വാദിച്ചു.
2019ലെ തെരഞ്ഞെടുപ്പ് കാലത്താണ് സംഭവം. തനിക്ക് ഇലക്ഷനിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇലക്ഷൻ പ്രചരണം നിന്നുപോയെന്നു പോലും കരുതിയതാണ്. അന്ന് രാജു എന്നെ സഹായിച്ചിട്ടുണ്ട്. പലരും തന്നെ സഹായിച്ചിട്ടുണ്ട്. ആരും സഹായിക്കാതെ കോൺഗ്രസ് സ്ഥാനാർഥിക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല. തെരഞ്ഞെടുപ്പിൽ പലരും സഹായിക്കും. ഞാനും പണം വാങ്ങിയിട്ടുണ്ട്- ആന്റോ ആന്റണി പറഞ്ഞു. എന്നാൽ എത്ര പണമാണ് തനിക്ക് രാജു നൽകിയതെന്ന് എംപി വെളിപ്പെടുത്തിയില്ല. തെരഞ്ഞെടുപ്പിന് ശേഷം രണ്ടുമാസം കഴിഞ്ഞ് പണം തിരികെ വേണമെന്ന് എൻ എം രാജു ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് താൻ പണം തിരികെ കൊടുത്തു. എൻ എം രാജു തനിക്ക് തന്ന പണം എത്രയാണോ അത് താൻ തിരികെ കൊടുത്തിട്ടുണ്ടെന്നും എംപി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമയാണ് എൻ എം രാജു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരിൽ ആന്റോ ആന്റണി രണ്ട് കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. 2019ൽ പണം വാങ്ങുമ്പോൾ രണ്ട് മാസത്തിനകം തിരിച്ചുനൽകുമെന്നാണ് പറഞ്ഞത്. എന്നാൽ ഏഴ് വർഷമായിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് കെഞ്ചിയിട്ട് പോലും ആന്റോ പണം തിരികെ തന്നില്ലെന്നും എൻ എം രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
രണ്ട് പ്രാവശ്യമായി 20 ലക്ഷം രൂപമാത്രമാണ് തിരിച്ചുകിട്ടിയത്. തന്റെ മകളടക്കം ആന്റോയുടെ വീട്ടിൽപോയി മുഴുവൻ പണവും തിരികെ വേണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും ബാക്കി തുക തന്നിട്ടില്ല. ആന്റോയുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരിലാണ് പണം നൽകിയതെന്നും രാജു പറഞ്ഞു.










0 comments