ad
Deshabhimani

print edition ജീവനക്കാരുടെ അവകാശങ്ങൾ 
കവർന്നെടുക്കാൻ നീക്കം: പിണറായി വിജയൻ

കേരള ഗവ. പ്രസസ്‌ എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന സമ്മേളന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

കേരള ഗവ. പ്രസസ്‌ എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന സമ്മേളന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 01:31 AM | 1 min read

തിരുവനന്തപുരം: ജീവനക്കാരുടെ അവകാശങ്ങൾ പൂർണമായും കവർന്നെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കങ്ങളെ ഗ‍ൗരവത്തോടെ കാണണമെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ. കേരള ഗവ. പ്രസസ്‌ എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ശന്പളത്തിലും പെൻഷനിലുമാണ്‌ സർക്കാരിന്റെ കണ്ണ്‌. ഇതുരണ്ടുമാണ്‌ സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക്‌ കാരണം എന്ന വ്യാജ പൊതുബോധം സൃഷ്‌ടിക്കുന്ന ധവളപത്രമാണ്‌ സർക്കാർ അവതരിപ്പിച്ചത്‌. 2002 ലേതുപോലെ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവരാനുള്ള ഡ്രസ്‌ റിഹേഴ്‌സലാണ്‌ നടത്തുന്നത്‌.


കോവിഡ്‌ കാലത്തുപോലും ശന്പളപരിഷ്‌കരണം നടപ്പാക്കിയ ഏക സംസ്ഥാനമാണ്‌ കേരളം. ഡിഎ നൽകാൻ കൃത്യമായ പദ്ധതി തയ്യാറാക്കി, ബജറ്റിൽ തുക വകയിരുത്തിയശേഷമാണ്‌ എൽഡിഎഫ്‌ സർക്കാർ ഇറങ്ങിയത്‌. അഞ്ചുവർഷത്തിലൊരിക്കൽ ശന്പളപരിഷ്‌കരണം എന്ന തത്വവും അട്ടിമറിക്കാനാണ്‌ അണിയറയിലെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.


പണമില്ലെന്നുപറഞ്ഞ്‌ ക്ഷേമപദ്ധതികളിൽനിന്ന്‌ ഒഴിഞ്ഞുമാറാനുള്ള നീക്കവും ധവളപത്രത്തിലുണ്ട്‌. കേന്ദ്ര സർക്കാർ 12 വർഷമായി നടപ്പാക്കുന്നതും തൊഴിലാളിവിരുദ്ധ നയങ്ങൾതന്നെയാണ്‌. തൊഴിലാളികളുടെ സംഘടിതവിലപേശൽ ശക്തിയെ ഹനിക്കുന്നതിനാണ്‌ പുതിയ ലേബർ കോഡുകൾ കൊണ്ടുവന്നത്‌. ലേബർകോഡുകൾ കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി നിയോഗിച്ച കമീഷൻ റിപ്പോർട്ടിനെ അവഗണിച്ചുകൊണ്ട്‌ കേരളത്തിലും നടപ്പാക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌. ലേബർകോഡ്‌ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര, സർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ്‌ ഉയരണമെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.



യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ എസ്‌ സുനിൽകുമാർ അധ്യക്ഷനായി. മുൻ നേതാക്കളായ വൈക്കം വിശ്വൻ ഉൾപ്പെടെയുള്ളവരെ ആദരിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ പി സുനിൽകുമാർ, കെജിഒഎ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ അജിത്‌, സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ സെക്രട്ടറി ദീപു, എ ഷാജഹാൻ, ചന്ദ്രശേഖരൻ‍ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ രാമു സ്വാഗതവും സംസ്ഥാന സെക്രട്ടറി എക്‌സ്‌ ആർ സഞ്‌ജീവ്‌ നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home